പത്തനംതിട്ട: അടൂരില്‍ മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മരുതിമൂട് സെന്റ് ജോര്‍ജ് കാത്തലിക് പള്ളിക്ക് മുന്പില് ആണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം, ആശുപത്രിയില്‍ നടന്ന പ്രസവത്തിലല്ല കുഞ്ഞ് ജനിച്ചതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. വീട്ടിലോ മറ്റെവിടെയോ ആണ് പ്രസവം നടന്നിരിക്കുന്നത്. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ രീതി കണ്ടാല്‍ ഇക്കാര്യം വ്യക്തമാണെന്നും പോലീസ് പറയുന്നു. അതേസമയം, കുഞ്ഞ് നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. ടി സക്കീര്‍ ഹുസൈന് അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരുതിമൂട് സെന്റ് ജോര്‍ജ് കാത്തലിക്ക് പള്ളിക്ക് മുമ്പില്‍ മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുരിശടിയില്‍ മെഴുകുതിരി കത്തിക്കാന്‍ എത്തിയവരാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ അടൂര്‍ പോലീസ് കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു.
Discussion about this post