കൊച്ചി: ചരിത്രത്തിലാദ്യമായി വീട്ടിലിരുന്ന് ഔദ്യോഗിക വേഷമണിഞ്ഞ് 785 പേര് അഭിഭാഷകരായി എന്റോള്‍ ചെയ്തു. കോവിഡ് പശ്ചാത്തലത്തിലാണ് കേരള ബാര്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ എന്റോള്‍മെന്റ് സംഘടിപ്പിച്ചത്.
എറണാകുളത്തെ കേരള ബാര്‍ കൗണ്‍സില്‍ ഓഫീസിലിരുന്ന് ബാര്‍ കൗണ്‍സില്‍ ചെയര്മാന് കെപി ജയചന്ദ്രന് ചൊല്ലികൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലിയാണ് പുതുതായി 785 പേര് അഭിഭാഷകരായത്. ബാര്‍ കൗണ്‍സില്‍ ചെയര്മാന് നേരത്തെ പലതവണ ട്രയല്‍ റണ്‍ നടത്തിയാണ് ഇന്ന് എന്റോള്‍മെന്റ് സംഘടിപ്പിച്ചത്. സിഡ്കോ വെബ് എക്സ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് എന്‍ റോള്‍മെന്റ് സൗകര്യമൊരുക്കിയത്. അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് ചടങ്ങില്‍ പങ്കെടുത്തു.
ഒരേസമയം 1000 പേര്‍ക്ക് പങ്കെടുക്കാനാവുന്ന സിസ്കോ വെബ് എക്സ് എന്ന ആപ്ളിക്കേഷന്‍ ഉപയോഗിച്ചാണ് ചടങ്ങുകള്‍ നടന്നത്. കോവിഡ് വ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ 3 മാസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്കുന്ന ചടങ്ങ് നടത്താന്‍ സാധ്യതയുണ്ട്. രാവിലെ 10 മണിക്കാണ് ചടങ്ങ് തുടങ്ങിയത്. അഭിഭാഷക വസ്ത്രം ധരിച്ചുകൊണ്ട് എല്ലാ മാനദണ്ഡങ്ങളോടുകൂടി തന്നെയാണ് ചടങ്ങുകള്‍ നടന്നത്.
ഏപ്രിലില്‍ എന്റോള്‍മെന്റ് തിയതി നിശ്ചയിച്ചിരുന്നെങ്കിലും ലോക് ഡൗണ്‍ ആയതിനാല്‍ നടന്നില്ല. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഓണ്‍ലൈന്‍ എന്റോള്‍മെന്റ് വഴിയൊരുങ്ങിയത്.
Discussion about this post