തൃശ്ശൂര്‍: മന്ത്രി വിഎസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശ്ശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
ജൂണ്‍ 15നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച വൈകിട്ടോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മന്ത്രി സുനില്‍കുമാറും ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ പി.എയും ക്വാറന്റീനില്‍ പ്രവേശിച്ചു. തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലാണ് ഇവര്‍ നിരീക്ഷണത്തിലിരിക്കുന്നത്. ആകെ 13 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇവര്‍ എല്ലാവരും ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയില്‍ 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 133 പേര്‍ക്ക് ഞായറാഴ്ച കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്കും, എറണാകുളം ജില്ലയില്‍ അഞ്ചു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post