കൊച്ചി: ആഡംബര തുല്യമായ വീടുണ്ട്. എന്നാല്‍ മകന് അമ്മയ്ക്കായി വീട്ടിനുള്ളില്‍ ഒരുക്കിയത് നിലവറയ്ക്ക് സമാനമായ മുറിയാണ്. ഈ മുറിയിലല്ലാതെ അടുക്കളയടക്കം വീടിനുള്ളില്‍ മറ്റൊരിടത്തും അമ്മയ്ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ല. ഭക്ഷണമുണ്ടാക്കാന്‍ പോലും വെള്ളമെടുക്കുന്നത് ശുചിമുറിയില്‍ നിന്നാണ്.
കോതമംഗലം കോട്ടപ്പടിയിലെ 70കാരിയായ സാറാ മത്തായിക്കാണ് ഈ ദുരനുഭവം. 2004 മുതല്‍ സാറാ മത്തായിയും ഏകമകന് അജുവും ഭാര്യയും രണ്ട് മക്കളും താമസിച്ചുവന്നത് കോതമംഗലത്തെ കോട്ടപ്പടിയിലെ വീട്ടിലായിരുന്നു. വലിയ വീടായിരുന്നിട്ട് കൂടി മകന് അമ്മയ്ക്ക് കിടക്കാന്‍ നല്‍കിയത് താഴത്തെ നിലയിലെ നിലവറയ്ക്ക് സമാനമായ മുറിയാണ്.
പക്ഷേ അവര്‍ക്ക് അതിലൊന്നും പരാതിയില്ലായിരുന്നു. ഫെബ്രുവരി 24 രാത്രി താഴത്തെ നിലയില്‍നിന്ന് മുകളിലേക്കുള്ള വഴി മകന് അടച്ചു. നിസഹായതയോടെ നോക്കി നില്ക്കാനെ ഈ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ. മകനും കുടുംബവും മുകളിലത്തെ നിലയില്‍ കഴിഞ്ഞു.
ഭക്ഷണവും കൊടുക്കാതെയായി. താഴത്തെ നിലയിലെ തന്നെ അടുക്കളയടക്കം മറ്റ്മുറികളും അടച്ചതോടെ മറ്റ് മാര്‍ഗമൊന്നുമില്ലാതെ കിടപ്പുമുറിതന്നെ അമ്മക്ക് അടുക്കളയാക്കേണ്ടി വന്നു. ഏറെ താമസിയാതെ അമ്മയോട് ഒരു വാക്കുപോലും പറയാതെ മകനും കുടുംബവും വീട് വിട്ട് എറണാകുളത്തേക്ക് മാറി.
ഇപ്പോള്‍ തനിച്ചാണ് സാറ. ഈ അമ്മയുടെ ദുരിതം അറിഞ്ഞ കോട്ടപ്പടി പോലീസ് വീട്ടിലെത്തിയെങ്കിലും പരാതിയില്ലെന്ന് പറഞ്ഞ് മടക്കിയയക്കുകയാണ് സാറ ചെയ്തത്. മകനെ വിളിച്ച് വിവരം തിരക്കിയെങ്കിലും നിയമപരമായി മുന്നോട്ട് പോകാനാണ് മകന്റെ മറുപടി. എന്നാല്‍ തന്നെ തിരിഞ്ഞുനോക്കാതെ പോയ മകന് എന്നെങ്കിലും സ്നേഹത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ പെറ്റമ്മ.
Discussion about this post