കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇവരെ നാളെ വീണ്ടും ചോദ്യം ചെയ്യും.
കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് എത്തിച്ചേരാനായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്ന് പുനലൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സൂരജിനെയും കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിലൂടെ അന്വേഷണ സംഘത്തിന് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം സൂരജിന്റെ അച്ഛന് സുരേന്ദ്രനുമായി നാളെ വിവിധ ഇടങ്ങളില്‍ തെളിവെടുക്കും. സുരേന്ദ്രനെ മൂന്നു ദിവസത്തേക്ക് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഉത്രയെ സൂരജ് കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് അച്ഛന് സുരേന്ദ്രന്റെ മൊഴി.
എന്നാല്‍, ആഭരണങ്ങള്‍ ഒളിപ്പിച്ച കാര്യം സമ്മതിക്കുന്നുണ്ട്. ഇക്കാര്യം ഭാര്യയ്ക്കും മകള്‍ക്കും അറിയാമായിരുന്നു. വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചാല്‍ അത് പോലീസ് കസ്റ്റഡിയിലെടുക്കും. അതുകൊണ്ടാണ് മണ്ണിനടിയില്‍ ഒളിപ്പിച്ചത്. കേസിന്റെ നടത്തിപ്പിനായി പണത്തിന് ആഭരണം വില്‍ക്കാനായിരുന്നു തീരുമാനമെന്നും സുരേന്ദ്രന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇന്നലെ സൂരജിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ ഉത്രയുടേതാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു. തെളിവിനായി ഉത്രയുടേയും സൂരജിന്റെയും വിവാഹ ആല്‍ബവും ഹാജരാക്കി.
സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും അഞ്ച് മണിക്കൂറിലധികം ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ഇവരില്‍ നിന്നു നിര്‍ണായമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ നിലവില്‍ സൂരജും അച്ഛന് സുരേന്ദ്രനും പാമ്പ് പാടുത്തക്കാരന് സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത്.
Discussion about this post