കല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ കൂടി കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സ തേടി. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ ബേഗൂര്‍ കോളനി നിവാസിയായ സ്ത്രീയാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പ്രത്യേക ചികിത്സാ കേന്ദ്രമായ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയിലാണ് ഇവര്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇവരുടെ സാംപിള്‍ പരിശോധന ഫലം ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ നിന്ന് ഇന്നോ അടുത്ത ദിവസങ്ങളിലോ ലഭിക്കുമെന്നാണ് വിവരം. അതേ സമയം നേരത്തേ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ ബേഗൂര്‍ കാട്ടുനായ്ക്ക കോളനിയിലെ 63കാരിയുടെ സാംപിള്‍ പരിശോധനഫലം നെഗറ്റീവായി.
ദിവസങ്ങള്‍ക്കുമുമ്പേ രോഗം സ്ഥിരീകരിച്ച് മേപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബേഗൂര്‍ ചങ്ങലഗേറ്റ് കോളനിയിലെ ഏഴുവയസ്സുകാരനും രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നവരെ മുന്‍കരുതലിന്റെ ഭാഗമായി 21 ദിവസം നിരീക്ഷണം തുടരും. ഈ വര്‍ഷം 29 പേര്‍ക്കാണ് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. മൂന്നു പേര് രോഗം ബാധിച്ചും ഒരാള്‍ രോഗലക്ഷണങ്ങളോടെയും മരണപ്പെട്ടിരുന്നു.
Discussion about this post