തിരുവനന്തപുരം:കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക മേഖല ഗുരുതരമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത അണ് എയ്ഡഡ് സ്കൂളുകളില്‍ ഈ വര്‍ഷം ഫീസ് വര്‍ധനവില്ല. സ്കൂളുകള്‍ പ്രതിസന്ധിയിലാണെങ്കിലും രക്ഷിതാക്കളുടെ സാമ്പത്തിക പ്രയാസങ്ങള്‍ കണക്കിലെടുത്താണ് അംഗീകൃത സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ഇത്തരം ഒരു തീരുമാനം എടുത്തത്. കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ പാഠ്യരീതിയിലും പശ്ചാത്തല സൗകര്യത്തിലും വരുത്തുമെങ്കിലും അതിനാവശ്യമായ ഫണ്ട് മാനേജ്മെന്റ് കണ്ടെത്തും.
സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊവിഡ് പ്രതിരോധത്തില്‍ സസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് അംഗീകൃത സ്കൂളുകള്‍ മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ഇല്ലെങ്കില്‍ കൂടി ഫീസ് വര്‍ധവന് ഈ വര്‍ഷം വേണ്ടെന്ന് അംഗീകൃത സ്കൂള്‍ മാനേജ്മെന്റുകളുടെ ഏക സംഘടനയായ കെആര്‍എസ്എംഎ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്താകെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി രക്ഷകര്‍ത്താക്കളുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് തീരുമാനം. പഠന ചിലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും മാനേജ്മെന്റ് അസോസിയേഷന് അറിയിച്ചു.
സംസ്ഥാനത്തെ 1137 അംഗീകൃത അണ് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളുടെ ഏക സംഘടനയായ കേരള അംഗീകൃത സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനാണ് (കെആര്‍എസ്എംഎ) ഇക്കാര്യം വ്യക്തമാക്കിയത്. അസോസിയേഷന് കീഴിലെ മുഴുവന്‍ സ്കൂളുകളിലും തീരുമാനം നടപ്പാക്കുമെന്നും അവര്‍ അറിയിച്ചു. കുട്ടികള്‍ക്ക് പുതിയ യൂണിഫോമും പാഠപുസ്തകങ്ങളും നിര്‍ബന്ധമാക്കില്ലെന്നും മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജിയും ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശയും പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ്19നെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തെ അംഗീകൃത അണ് എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. നിരവധി അണ്‍എയ്ഡഡ് സ്കൂളുകള്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ക്കായി വിട്ടുനല്‍കി. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനങ്ങളിലും സംഘടന സജീവമായി സഹായ സഹകരണങ്ങള്‍ നല്‍കുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Discussion about this post