ആര്‍പ്പൂക്കര: ശബ്ദങ്ങളില്ലാത്ത ലോകത്ത് ഇനി ബബുല മോള്‍ക്ക് കൂട്ടായി ബിനോ ബാബുവുണ്ടാകും. കഷ്ടപ്പാടുകളും ദുരിതങ്ങളും വേട്ടയാടിയ ഈ പെണ്‍കുട്ടിയുടെ കൈപിടിക്കാന്‍ ശബ്ദമില്ലാത്ത ലോകം പരിചിതമായ ബിനോയെത്തുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇരട്ടിസന്തോഷത്തോടെയാണ് സ്വന്തം വീട്ടില്‍നിന്ന് ബബുല ഒരുങ്ങിയിറങ്ങിയത്. മകളുടെ കൈപിടിച്ച് അമ്മയും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് തുണയായ ‘ഇപ്കായ്’ എന്ന സംഘടനയിലെ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ബബുലയ്ക്ക് കൂട്ടായെത്തിയ ബിനോ ബാബുവിനും കേള്‍വിശക്തിയും സംസാരശേഷിയുമില്ല.
ആര്‍പ്പൂക്കര, കോതാകരി കോളനിയില്‍ ചിറയ്ക്കല്‍താഴെ സികെ കുഞ്ഞുമോളുടെയും പരേതനായ ബാബുരാജിന്റേയും രണ്ടാമത്തെ മകളാണ് ബബുല. ഓട്ടോ ഡ്രൈവറായിരുന്ന ബാബുരാജ് ഏഴുവര്‍ഷം മുമ്പാണ് മരിച്ചത്. ഇതോടെ മൂന്നുമക്കളും കുഞ്ഞുമോളും ഒറ്റയ്ക്കായി. കൂലിപ്പണി ചെയ്താണ് കുഞ്ഞുമോള്‍ മക്കളെ വളര്‍ത്തിയത്. വിവിധ രോഗങ്ങള്‍ അലട്ടിയിട്ടും കുടുംബംപോറ്റാന്‍ എല്ലുമുറിയെ പണിയെടുത്തു. ഇടയ്ക്ക് ആറുമാസം എംജി സര്‍വകലാശാലയില്‍ താത്കാലിക ജോലി ലഭിച്ചെങ്കിലും കാലാവധി കഴിഞ്ഞതോടെ കൂലിവേലയിലേക്ക് മടങ്ങി. ബബുല മലയാളത്തില്‍ ബിരുദം നേടി. വിദ്യാര്‍ത്ഥികളായ ആണ്‍മക്കളാകട്ടെ സ്വയം സമ്പാദ്യം കണ്ടെത്താന്‍ മാത്രം മുതിര്ന്നവരുമല്ല.
കുഞ്ഞുമോള്‍, ബബുലയുമായി ഷെഡ്ഡില്‍ താമസിക്കുമ്പോള്‍, ആറുവര്‍ഷം മുമ്പ് വോയ്സ് ഓഫ് ദി ക്രൈസ്റ്റിന്റെ സഹായത്തോടെ വീടുപണി തുടങ്ങിവെച്ചു. ബാക്കിയുണ്ടായിരുന്ന പണികളും മഴക്കെടുതിമൂലമുണ്ടായ കേടുപാടും നന്മ വീട് കൂട്ടായ്മ തീര്‍ത്തു. ബബുലയുടെ സഹോദരന്മാരും ബന്ധുക്കളും കൂടി പണിക്കിറങ്ങിയതോടെ ചെലവ് ചുരുക്കാനും സാധിച്ചു. 16-ാം വാര്‍ഡംഗം പ്രവീണ്‍ കുമാറും ഇപ്കായ് നാഷണല്‍ കോ-ഓര്‍ഡിനേറ്ററും പഞ്ചായത്ത് ജീവനക്കാരനുമായ അനീഷ് മോഹന്‍, സുഹൃത്തുക്കളായ ദയാല്‍ ശിവസ്വാമി, ദീപു കുര്യന്, ശിവദാസന്‍, ശ്യാം ശിവസ്വാമി എന്നിവരും സാമ്പത്തികസഹായവുമായി അയര്‍ലാന്‍ഡ് മലയാളി കൂട്ടായ്മ ‘നന്മ കൂട്ടായ്മ’യിലും ഒന്നിച്ചത്. രണ്ടാമത്തെ നന്മ വീടിന്റെ പണികളാണ് പൂര്‍ത്തിയാക്കിയത്. വീടിന്റെ പണി പൂര്‍ത്തിയായെങ്കിലും ബബുല മോളുടെ വിവാഹച്ചെലവാണ് കുഞ്ഞുമോള്‍ നേരിടുന്ന അടുത്ത വെല്ലുവിളി.
വാകത്താനം കണ്ണഞ്ചിറ സ്വദേശിയാണ് ബിനോ ബാബു. ബിനോ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. സ്ഥിരവരുമാനമുള്ള ജോലിയാണ് ഇരുവരുടെയും ലക്ഷ്യം.
Discussion about this post