കൊവിഡ് ബാധിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം; കാസര്‍കോട് ജില്ലാ കളക്ടര്‍ ക്വാറന്റൈനില്‍

കാസര്‍കോട്: കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കാസര്‍കോട്
ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കി. കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിനെയാണ് ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കിയത്.

കാസര്‍കോട് ഇന്ന് രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഈ മാസം 19-ന് കളക്ടറുടെ അഭിമുഖം എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കളക്ടറെ നിരീക്ഷണത്തിലാക്കിയത്. കളക്ടറെ കൂടാതെ അദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകുകയായിരുന്നു.

ഇവരുടെയെല്ലാം സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായിരുന്നു നേരത്തെ കാസര്‍കോട്. ഈ ഘട്ടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 12 ആയി ചുരുങ്ങിയത്.

Exit mobile version