ലോക്ക് ഡൗണിന് ശേഷം ബസ് കണ്ടക്ടർമാർക്ക് മാസ്‌കും ഫേസ്ഷീൽഡും സാനിറ്റൈസറും നിർബന്ധം; ഹൈ റിസ്‌ക് പട്ടികയിലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനായി ലോക്ക് ഡൗണിനു ശേഷവും കർശ്ശന നിയന്ത്രണങ്ങൾ നിർദേശിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ ബസ് കണ്ടക്ടർമാർക്ക് മുഖാവരണത്തിനൊപ്പം ഫേസ്ഷീൽഡും നിർബന്ധമാക്കും എന്നാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പ് മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ഓരോ 15 മിനിറ്റ് കൂടുമ്പോഴും കണ്ടക്ടർമാർ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്നും നിർദേശമുണ്ട്.

രോഗം പിടിപെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഹൈ റിസ്‌ക് വിഭാഗത്തിലാണ് കണ്ടക്ടർമാർ ഉള്ളത്. ഓർഡിനറി ബസുകളിലെ കണ്ടക്ടർമാർ ഒരു ദിവസം 1000 യാത്രക്കാരുമായി ഇടപഴകേണ്ടിവരുന്നുണ്ട്. യാത്രക്കാരോട് അടുത്ത് നിൽക്കുന്നതും ടിക്കറ്റ്, പണം എന്നിവ കൈമാറേണ്ടിവരുന്നതും രോഗവ്യാപനസാധ്യത കൂട്ടും.

മാസ്‌ക് ധരിച്ചതുകൊണ്ടുമാത്രം രോഗവ്യാപനം തടയാനാകില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുവാഹനങ്ങളിൽ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

സംസ്ഥാനത്ത് 14,000 സ്വകാര്യബസുകളാണുള്ളത്. മിക്കവയിലും രണ്ട് കണ്ടക്ടർമാർവീതമുണ്ട്. ഒരു സെറ്റ് ഫേസ് ഷീൽഡിനും മാസ്‌കിനും പരമാവധി 70-80 രൂപയാകുമെന്നാണ് റിപ്പോർട്ടുകൾ. തദ്ദേശീയമായി ചില സ്ഥാപനങ്ങൾ ഫേസ് ഷീൽഡ് നിർമിക്കുന്നുണ്ട്. ഫേസ്ഷീൽഡുകൾ പുനരുപയോഗിക്കാൻ കഴിയുന്നവയാണ്. ഇവയ്ക്കാപ്പം പുനരുപയോഗിക്കാൻ കഴിയുന്ന തുണി മാസ്‌കുകളും നൽകാനാണ് പദ്ധതി.

Exit mobile version