കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്ത് അതിഥി തൊഴിലാളി. കാസര്‍ഗോഡ് നീലേശ്വരം കൂട്ടപ്പുനയില്‍ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ രാജസ്ഥാന് സ്വദേശി വിനോദ് ജംഗിതാണ് മുഖ്യമന്ത്രിയുടെ കൊവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് 5000/ രൂപ സംഭാവന നല്‍കിയത്. സബ് ഇന്‍സ്പെക്ടറായ സിആര്‍ ബിജു ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കൊറോണ പ്രതിസന്ധിക്കിടയിലും കേരളം അതിഥി തൊഴിലാളികളെ കരുതലോടെയാണ് നോക്കിയത്. പണി ഇല്ലാതായതോടെ ആഹാരം മറ്റ് ആവശ്യങ്ങളെല്ലാം കേരളം അവര്‍ക്ക് നിറവേറ്റിക്കൊടുത്തു. ഇതിന് നന്ദി പ്രകടനമായിട്ടാണ് അതിഥി തൊഴിലാളിയായ വിനോദ് തന്നെക്കൊണ്ട് കഴിയുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
Heartwarming story: Rajasthani migrant worker in Kerala, Vinod Jangid, donates 5000 rupees from his hard-earned wages to the Chief Minister's Relief Fund to fight #COVID19: https://t.co/myfk7H35TK
Kerala looks after its guest workers, & they reciprocate from the heart!— Shashi Tharoor (@ShashiTharoor) April 8, 2020
ജോലിയോ കൂലിയോ ഇല്ലാത്ത ഈ സാഹചര്യത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത അതിഥി തൊഴിലാളിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ശശി തരൂര്‍ എംപിയും ഇയാളെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. കേരളം അതിഥി തൊഴിലാളികളെ പരിപാലിക്കുന്നു, അവര്‍ അതിന് ഹൃദയം കൊണ്ട് നന്ദി അറിയിക്കുന്നു എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
ബിജു സിആറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അതിഥി തൊഴിലാളിയായ രാജസ്ഥാന് സ്വദേശി ശ്രീ. വിനോദ് ജംഗിത് മുഖ്യമന്ത്രിയുടെ കോവിഡ്- 19 ദുരിതാശ്വാസ നിധിയിലേക്ക് 5000/- രൂപ സംഭാവന നല്കി.
സംസ്ഥാനത്ത് തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കേരളം കാണുമ്പോള്‍, അതിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ട്രോളുകളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം വിമര്‍ശകര്‍ക്ക് അത് അറിയാതെ നല്കിയ ഒരു മറുപടിയാണ് രാജസ്ഥാന് സ്വദേശി ശ്രീ. വിനോദ് ജംഗിത്തിന്റെ ഭാഗത്ത് നിന്ന് ഇന്ന് ഉണ്ടായത്.
കാസര്‍ഗോഡ് നീലേശ്വരം കൂട്ടപ്പുനയില്‍ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ രാജസ്ഥാന് സ്വദേശി ശ്രീ. വിനോദ് ജംഗിത് മുഖ്യമന്ത്രിയുടെ കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് 5000/- രൂപ സംഭാവന നല്കാന് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്പെക്ടര്‍ ശ്രീ. എം എ മാത്യു സാറിനെ ഏല്‍പ്പിച്ചു.
ബാങ്ക് സമയം കഴിഞ്ഞതിനാല്‍ ഈ തുക വാങ്ങിയ ശേഷം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ അയ്യായിരം രൂപ CMDRF ലേക്ക് ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്തു. തുശ്ചമായ കൂലിക്ക് ജോലി ചെയ്ത് മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ശ്രീ.വിനോദ് ജംഗിതിന്റെ വലിയ മനസ്സ് കാണേണ്ടവരില്‍ ചിലര്‍ ഇത്തരം വിമര്‍ശകരുടെ കൂട്ടത്തില്‍ ഉണ്ടാവാം.
കേരളം അനുഭവിച്ച മഹാപ്രളയ കാലഘട്ടത്തിലും വില്പനയ്ക്ക് കൊണ്ടുവന്ന മുഴുവന്‍ ബ്ലാങ്കറ്റുകളും ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്കിയ അതിഥിയേയും നാം കണ്ടിരുന്നു.
അതിഥി തൊഴിലാളികളെ അധിക്ഷേപിക്കുമ്പോള്‍ കേരള സമൂഹം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്.
മലയാളി എന്നാല്‍ ലോകമലയാളിയാണ്.
മലയാളി ഇല്ലാത്ത ഒരു രാജ്യം പോലും ഈ ഭൂമിയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മലയാളി ഇല്ലാത്ത ഒരു സംസ്ഥാനം പോലും ഇന്ത്യയിലുണ്ടാകാന്‍ സാധ്യതയില്ല. ഓരോ മലയാളി കുടുംബത്തിലും ഒരു പ്രവാസിയെങ്കിലും ഉണ്ടാകും.ഓരോ മലയാളി കുടുംബത്തിലും ഒരാളെങ്കിലും അന്യസംസ്ഥാനത്തും ഉണ്ടാകും. അവരുടെ ജീവിതയിടങ്ങളില്‍ അവഗണയോ അധിക്ഷേപങ്ങളോ ഉണ്ടായാല്‍ നമുക്ക് ക്ഷമിക്കാന്‍ കഴിയില്ല. ധാര്‍മ്മിക രോക്ഷം ഓരോ മലയാളിയിലും ഉണ്ടാകും.
ഈ കൊറോണക്കാലത്തും അത്തരം അനുഭവങ്ങളും വാര്‍ത്തകളും വന്നു. ബോംബെയിലും ഡല്‍ഹിയിലും പ്രവര്‍ത്തിയെടുക്കുന്ന നഴ്സുമാര്‍ക്ക് സ്വന്തം ആശുപത്രിയില്‍ നിന്ന് പോലും വിവേചനം നേരിടുന്നതായി വാര്‍ത്തകള്‍ വന്നു. അവര്‍ക്ക് ആവശ്യമായ പരിഗണന നല്കാന് ആ നാട്ടിലെ ഭരണകൂടങ്ങളോട് കരുത്തോടെയാണ് കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതിനുള്ള അവകാശം ഇന്നത്തെ കേരളത്തിനുണ്ട്. കേരളത്തില്‍ ജോലിചെയ്യുന്ന അഞ്ച് ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് അവരുടെ പാര്‍പ്പിടം, ഭക്ഷണം, ചികിത്സ എന്നിവ സ്വന്തം സഹോദരങ്ങള്ക്കെന്ന പോലെ ഉറപ്പാക്കിയ നാടാണിത്.
മറ്റ് സംസ്ഥാനങ്ങളില്‍ മലയാളികള്‍ അനുഭവിക്കുന്ന ദുരിതവും, മംഗലാപുരത്തേക്ക് ചികിത്സയ്ക്കുള്ള യാത്രപോലും നിഷേധിച്ച കാഴ്ചയും കാണുമ്പോള്‍ നമുക്ക് അഭിമാനിക്കാം ഈ കേരളത്തെയോര്‍ത്ത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ ആതിഥ്യരംഗത്തും ഈ കേരളം ലോകത്തിന് മാതൃകയാണ്.
കോവിഡ് ബാധിച്ച വിദേശപൗരന് ഒരു പക്ഷേ സ്വന്തം നാട്ടില്‍ ലഭിക്കാത്ത മികച്ച ചികിത്സ നല്കി സംരക്ഷിച്ച നാടാണ് കേരളം. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളത്തില്‍ എല്ലാത്തരം ജോലിയും ചെയ്യുന്ന സഹോദരന്മാരെ അതിഥി തൊഴിലാളികളായി കണ്ട് സംരക്ഷണം ഉറപ്പാക്കിയ നാടാണ് കേരളം. സാഹോദര്യവും സഹകരണവും എങ്ങനെ ആകണം എന്നതിന് ലോകത്തിന് തന്നെ മാതൃകയാകാന്‍ ഈ കോവിഡ് കാലം കേരളത്തിന് അവസരം തന്നിരിക്കുന്നു.
ഈ വിശാലമായ ചിന്തയിലേക്ക് നമുക്ക് മുഴുവന്‍ പേര്‍ക്കും എത്തിച്ചേരാം.
നിരവധി ബധിരകര്‍ണങ്ങളെ തുറപ്പിക്കുമാറ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ പ്രിയ സഹോദരന് വിനോദ് ജംഗിത്തിന് അഭിനന്ദനങ്ങള്‍…..
CR…
Discussion about this post