ഒറിയ വേണോ, അസാമിസ് വേണോ? അതോ ഇംഗ്ലീഷോ ബംഗാളിയോ?ഏത് ഫോൺകോളിനും മറുപടി പറയാൻ സുപ്രിയ റെഡി; കാക്കനാട് കളക്ട്രേറ്റിൽ താരമായി യുവതി

കാക്കനാട്: കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ അതിഥി തൊഴിലാളികളുടേത് ഉൾപ്പടെ ഫോൺ കോളുകളുടെ പ്രവാഹമാണ് എറണാകുളം കാക്കനാട്ടെ കളക്ട്രേറ്റിലേക്ക്. ഇവിടെ, നിരന്തരം എത്തുന്ന ഫോൺ കോളുകൾക്കു വിവിധ ഭാഷയിൽ മറുപടി നൽകി താരമാവുകയാണ് ഒഡിഷ സ്വദേശിനിയായ സുപ്രിയ ദേബ്‌നാഥ്. ഈ ഒഡിഷ പെൺകുട്ടി തന്നെയാണ് കലക്ട്രേറ്റ് കോവിഡ് കൺട്രോൾ റൂമിലെ ശ്രദ്ധാ കേന്ദ്രവും.

ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ അതിഥി തൊഴിലാളികൾ ആശങ്കയോടെ വിളിക്കുമ്പോൾ അവരുടെ ഭാഷയിൽ ആശ്വസിപ്പിക്കലാണു സുപ്രിയയുടെ ദൗത്യം. ഒറിയ, ബംഗാളി, അസമീസ്,ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണു തൊഴിലാളികളുയായി ആശയവിനിമയം നടത്തുന്നത്. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി കളക്ടർ രൂപം കൊടുത്ത രോഷ്‌നി പദ്ധതിയുടെ വൊളന്റിയറായ സുപ്രിയ പുക്കാട്ടുപടി മലയിടംതുരുത്തിലാണു താമസം.

ഇരുനൂറോളം അതിഥി തൊഴിലാളികളുടെ അന്വേഷണത്തിന് ഇതുവരെ മറുപടി നൽകി. ഭക്ഷണം കിട്ടുന്നില്ല, വാടകക്കാരൻ ഇറക്കിവിട്ടു, വീട്ടുടമ വൈദ്യുതി വിഛേദിച്ചു തുടങ്ങിയ പരാതികളാണു കൂടുതലും. നാട്ടിൽ പോകാൻ സഹായിക്കണമെന്ന് അപേക്ഷിച്ചു കരഞ്ഞവരും ഒട്ടേറെ. ജില്ലാ ഭരണകൂടത്തിന്റെ ‘അതിഥി ദേവോ ഭവ’ പദ്ധതിയുടെ കീഴിൽ പരിശീലനം ലഭിച്ചവരാണ് കൺട്രോൾ റൂമിൽ സേവനം അനുഷ്ഠിക്കുന്നത്.

Exit mobile version