തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം. ജീവനക്കാര്‍ക്ക് മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍(നാളെ ഉള്‍പ്പെടെ) അവധി പ്രഖ്യാപിച്ചു. സംസ്ഥാനം കൊറോണ ഭീതിയില്‍ കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജോലിയില്‍
നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 31 വരെയുള്ള ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയില്ല.
ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നും ഓഫീസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം ഇളവുകള്‍ നല്‍കിയിരുന്നു.
ഇതിനു സമാനമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരും കൈക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. പുതുതായി പന്ത്രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 206 ആയി ഉയര്‍ന്നു.
Discussion about this post