തിരുവനന്തപുരം: സഹായം ചോദിച്ചപ്പോള്‍ കൊറോണ വൈറസിനെ പേടിച്ച് ആളുകള്‍ അകലം പാലിച്ചതോടെ വിദേശ വനിതയ്ക്ക് തുണയായെത്തിയത് പോലീസ്. അര്‍ജന്റീന സ്വദേശി മരിയയ്ക്കാണ് കേരളത്തിലെത്തിയപ്പോള്‍ ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. പോലീസ് ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
മെഡിക്കല്‍ കോളജ് ജംക്ഷനിലെ ഹോട്ടലിലാണ് മരിയ മുറി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ഇവര്‍ക്ക് ഹോട്ടല്‍ ഉടമ മുറി നിഷേധിച്ചു. തമ്പാനൂര്‍ എത്തിയ മരിയ ഇവിടെയും പല ഹോട്ടലുകളിലും അന്വേഷിച്ചെങ്കില്ലും ആരും മുറി നല്‍കിയില്ല. അതിനിടെ പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മുഖം പൊത്തി മാറി നടക്കുകയായിരുന്നു ജനങ്ങള്‍.
ഒടുവില്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതായതോടെ ഇവര്‍ റോഡരികില്‍ നിന്നു കരയാന്‍ തുടങ്ങി. പാളയത്ത് യൂണിവേഴ്സിറ്റി ലൈബ്രറിക്കു സമീപം കരഞ്ഞു തളര്‍ന്നു നിന്ന മരിയയെ പോലീസ് സഹായിക്കുകയായിരുന്നു. നിലവിലെ കേരളത്തിലെ അവസ്ഥയെയും കൊറോണ മുന്‍കരുതല്‍ നടപടികളെയും കുറിച്ച് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് വിശദീകരിച്ചു നല്കി.
ശേഷം മരിയയെ പോലീസ് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. രോഗം ഇല്ലെന്നു സ്ഥിരീകരിച്ച ശേഷം താമസിക്കാന്‍ മുറി നല്കുമെന്നു പോലീസ് പറഞ്ഞു. ജനുവരിയില്‍ പഠന വീസയില്‍ ഇന്ത്യയില്‍ എത്തിയ മരിയ ഒരാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തിയത്. കൊച്ചിയിലും ആലപ്പുഴയിലും ചുറ്റിക്കറങ്ങിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഇതിനിടയില്‍ വര്‍ക്കലയിലും പോയിരുന്നതായി സൂചനയുണ്ടെന്നും പോലീസ് പറഞ്ഞു.
Discussion about this post