മലപ്പുറം: കണ്ണൂർ-തൃശ്ശൂർ റൂട്ടിലൂടെ യാത്രക്കാരുടെ ജീവൻ പണയം വെച്ച് മരണപാച്ചിൽ നടത്തിയ സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞ് പോലീസിനെ ഏൽപ്പിച്ചു. ദുരന്തങ്ങളിൽനിന്നു പാഠം പഠിക്കാതെ പാഞ്ഞ ബസിന് പോലീസ് കനത്ത പിഴയും ചുമത്തി. കണ്ണൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന പാരഡൈസ് ബസാണ് കെഎസ്ആർടിസിയുമായി മത്സരയോട്ടം നടത്തി അമിതവേഗതയിലെത്തിയത്. വൈകിട്ട് 6.15ന് ആണ് സംഭവം.
കക്കാട് വച്ച് ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മഹേഷിനെ (20) ഇടിച്ചുതെറിപ്പിച്ചെങ്കിലും വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. അപകടമുണ്ടായതോടെ നാട്ടുകാർ ബസ് തടഞ്ഞു പോലീസിനെ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ എഎസ്ഐ പി രഞ്ജിത്, എം അമർനാഥ് എന്നിവർ പിഴ ഈടാക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ബസിന്റെ അമിതവേഗം കണ്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങൾ സൂചിപ്പിച്ച് യാത്രക്കാർ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ചെവിക്കൊണ്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. കൂരിയാട് വച്ച് ടിപ്പറുമായുള്ള കൂട്ടിയിടി ഭാഗ്യം കൊണ്ടാണ് ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.
Discussion about this post