മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ സ്വർണ്ണക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി. ഷാർജയിൽനിന്ന് കോഴിക്കോട് വിമാനത്താവളം വഴി എത്തിയ യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച് അവശനാക്കിയ ശേഷം ആളുമാറിയെന്നു മനസ്സിലായതോടെ പണവും സാധനങ്ങളും കൈക്കലാക്കി യുവാവിനെ ഇറക്കിവിടുകയായിരുന്നു. കർണാടക സ്വദേശിയായ അബ്ദുൽനാസർ ഷംനാദ് (25) ആണ് മർദ്ദനത്തിന് ഇരയായത്.
സ്വർണ്ണക്കടത്തു സംഘങ്ങൾ തമ്മിൽ ആക്രമണവും തട്ടിക്കൊണ്ടുപോകലും നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ‘കാരിയർ’ അല്ലാത്തയാൾക്കാണ് മർദ്ദനമേറ്റതെന്നാണ് സൂചന. ഇന്നലെ പുലർച്ചെ 4.30ന് ആണ് യുവാവ് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങി, മറ്റൊരു യാത്രക്കാരനൊപ്പം കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ ഓട്ടോ വിളിച്ചു. കൊണ്ടോട്ടിക്കു സമീപം കൊട്ടപ്പുറത്തു വച്ച് ബൈക്കിൽ വന്ന രണ്ടുപേർ ഓട്ടോ തടയുകയും ഓട്ടോ ബൈക്കിൽ ഉരസിയെന്നു പറഞ്ഞു വഴക്കുണ്ടാക്കുകയുമായിരുന്നു.
ഈ സമയത്ത് വാനിലെത്തിയെ 7 പേർ മുളകുപൊടി സ്പ്രേ ചെയ്ത്, യുവാവിനെ മർദ്ദിച്ച് ടീഷർട്ട് ഊരി കണ്ണുകെട്ടി, വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു. കൊണ്ടു വന്ന സാധനമെവിടെ എന്നു ചോദിച്ച് മർദനം തുടർന്നു. കോഴിക്കോട് കടലുണ്ടി പാലത്തിനു സമീപത്ത് ഇറക്കി അവിടെവച്ചും ക്രൂരമായി മർദിച്ചു. ആളു മാറിയെന്ന് മനസ്സിലായതോടെ വാഹനത്തിൽ തിരികെക്കൊണ്ടുവന്ന്, 6 മണിയോടെ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം ഇറക്കിവിട്ടു എന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. എടിഎം കാർഡ്, പണം, ക്യാമറ തുടങ്ങിയ സാധനങ്ങളും സംഘം കവർന്നു. കൊണ്ടോട്ടി പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
Discussion about this post