മറ്റുള്ളവർക്കായി മണ്ണിന് വേണ്ടി പൊരുതുന്നതിനിടെ സ്വന്തമായി ഒരു തുണ്ട് ഭൂമി വേണമെന്ന് ചിന്തിക്കാൻ മറന്ന കുഞ്ഞോലിന് പത്മശ്രീ

പെരുമ്പാവൂർ: ക്ഷുഭിതം യൗവനം മുതൽ ഈ വാർധക്യം വരെ മറ്റുള്ളവരുടെ ഭൂമി അവകാശത്തിനായി വാദിക്കുകയും പോരാടുകയും ചെയ്ത് സ്വന്തം നിലനിൽപ്പിനെ കുറിച്ച് ചിന്തിക്കാൻ മറന്ന കുഞ്ഞോലിനെ തേടി പത്മശ്രീ പുരസ്‌കാരം. പട്ടിക വിഭാഗക്കാർക്കു ഭൂമിക്കു വേണ്ടി പോരാടി പ്രശസ്തനായ എംകെ കുഞ്ഞോലിനെ രാജ്യം പത്മശ്രീ നൽകിയാണ് ആദരിച്ചത്. അതേസമയം, സ്വന്തം വീടിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കാതിരുന്ന കുഞ്ഞോലിനെ തേടി പത്മശ്രീ പുരസ്‌കാരം എത്തുന്നത് കുറുപ്പംപടി മുടിക്കിരായിലെ വാടക വീട്ടിലേക്കാണ്. കുഞ്ഞോലും ഭാര്യ കാർത്യായനിയും മകൻ ദേവൻ കിങ്ങിനൊപ്പമാണ് ഇവിടെ കഴിയുന്നത്. എംകെ കുഞ്ഞോൽ (82) സ്‌കൂൾ പഠന കാലത്തു തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആദ്യം കോൺഗ്രസിലായിരുന്നു. ഒരണ സമരത്തിലുൾപ്പെടെ സജീവമായി. എന്നാൽ, പിന്നീട് രാഷ്ട്രീയ ഭിന്നതയെ തുടർന്ന് കോൺഗ്രസ് വിട്ടു.

1967ൽ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. 1977ൽ ഇടുക്കി ലോക്‌സഭ മണ്ഡലത്തിൽ ആദി ഭാരതീയ ജനതാ പരിഷത് സ്ഥാനാർത്ഥിയായും മത്സരിച്ചു. പട്ടിക വിഭാഗത്തിൽപെട്ട ജനങ്ങൾക്കു വേണ്ടി നടത്തിയ ഭൂസമരങ്ങളാണു കുഞ്ഞോലിനെ ശ്രദ്ധേയനാക്കിയത്.

എഴുപതുകളിൽ കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിൽ വനഭൂമി ലഭ്യമാക്കുന്നതിനായി ആദ്യ സമരം. അതു വിജയിച്ചതോടെ മൂവാറ്റുപുഴ വാഴക്കുളം മണിയൻതടം കോളനിയിലെ സമരവും മുന്നിൽ നിന്നു നയിച്ചു. ഇവിടെ പട്ടിക വിഭാഗക്കാർക്കായി സർക്കാർ 22 ഏക്കർ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ, അതു സ്വകാര്യ വ്യക്തികൾ കയ്യേറിയതിനെതിരെയായിരുന്നു സമരം.

ഈ സമരവും വിജയിച്ചതോടെ കൂടുതൽ ഊർജമായി. 1975ൽ പോലീസ് അനീതിക്കെതിരെ കോതമംഗലം പോലീസ് സ്റ്റേഷനു മുൻപിൽ 382 ദിവസം നീണ്ടു നിന്ന സമരം നടത്തി. അന്നത്തെ ഗവർണർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

1937ൽ കുറുമ്പൻ -വള്ളോത്തി ദമ്പതികളുടെ മൂത്ത മകനായാണ് ജനിച്ചത്. സെന്റ് റീത്താസ് എൽപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂൾ, എംജിഎം ഹൈസ്‌കൂൾ, കാലടി മറ്റൂർ ശ്രീശങ്കര കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു.

1957-59ൽ മഹാരാജാസിലെ പഠന കാലത്ത് ‘ഡെമോക്രാറ്റ്‌സ്’ എന്ന സംഘടനയ്ക്കു വേണ്ടി മത്സരിച്ച് യൂണിയൻ സെക്രട്ടറിയായി. കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല.

ജീവിതത്തിൽ വ്യത്യസ്തനായിരുന്ന കുഞ്ഞോലിന്റെ രീതി മക്കളുടെ പേരിലും തെളിഞ്ഞു കാണാം. മൂത്ത മകന് ഭരണഘടന ശിൽപിയുടെ പേരാണിട്ടത്; എംകെ അംബേദ്കർ. ഇസ്രയേൽ മുൻ പ്രധാനമന്ത്രിയുടെ പേരാണ് ഒരു മകൾക്ക്, എംകെ ഗോൾഡ മേയർ. ഒപ്പമുള്ള മകൻ ദേവൻ കിങ്ങിന് പേരിട്ടത് മാർട്ടിൻ ലൂഥർ കിങ്ങിന്റെ ഓർമയിൽ. വിശ്വാസത്തിന്റെ വഴിയേ പോയി സായിലക്ഷ്മി, അമൃതാനന്ദമയി, ദൈവദാസ് എന്നിങ്ങനെയാണ് മറ്റു മക്കൾക്ക് പേരിട്ടത്.

Exit mobile version