കോട്ടയം: ശരിയായി മലയാളം വായിക്കുന്നില്ലെന്ന് ആരോപിച്ച് രണ്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപികയ്ക്ക് സസ്‌പെൻഷൻ. കുട്ടിയുടെ അമ്മയുടെ പരാതിയ്ക്ക് പിന്നാലെ ശക്തമായ ജനരോഷം ഉയർന്നിരുന്നു. ഇതോടെയാണ് അധ്യാപിക മിനിമോളെ സസ്‌പെന്റ് ചെയ്തത്. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എൽപി സ്‌കൂളിലെ പ്രണവ് രാജ് എന്ന വിദ്യാർത്ഥിക്ക് നേരെയായിരുന്നു മിനിമോളുടെ ക്രൂരമായ ചൂരൽ പ്രയോഗം. കുട്ടിയുടെ അമ്മ ചൈൽഡ് ലൈന് പരാതി നൽകിയതിനെ തുടർന്ന് പ്രവർത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റതിന്റെ ഇരുപതോളം പാടുകൾ ഉണ്ടെന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തി.
എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുറുപ്പന്തറ കളത്തൂക്കുന്നേൽ സൗമ്യയുടെ മകൻ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചറായ മിനി മോൾ തല്ലിയത്. മലയാളം പുസ്തകം വായിക്കാൻ ആവശ്യപ്പെട്ട ടീച്ചർ കുട്ടി വായിക്കുന്നതിനിടെ ശരിയായില്ലെന്ന് പറഞ്ഞ് ചൂരലുപയോഗിച്ച് കൂരമായി തല്ലുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കാലിൽ നീര് കണ്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് ടീച്ചർ തല്ലിയ കാര്യം പറഞ്ഞത്.

ഉടൻ തന്നെ കുട്ടിയെയും കൊണ്ട് അമ്മൂമ്മ സ്‌കൂളിലെത്തി. എന്നാൽ അപ്പേഴേക്കും അധ്യാപിക വീട്ടിലേക്ക് പോയിരുന്നു. എങ്കിലും മറ്റുള്ള അധ്യാപകർ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു. വിദ്യാർത്ഥിയെ പിന്നീട് വീട്ടുകാരും ബന്ധുക്കളും ചേർന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ പിന്നീട് വിശദീകരണവുമായി ടീച്ചർ രംഗത്തെത്തി. കുട്ടിക്ക് മലയാളം വായിക്കാൻ അറിയില്ലെന്നും മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നുമായിരുന്നു ടീച്ചറുടെ മറുപടിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.