തിരുവനന്തപുരം: അഗസ്ത്യാര്‍കൂട ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്കുള്ള ബുക്കിംഗ് ഈ മാസം എട്ട് മുതല്‍ ആരംഭിക്കും. വനം വകുപ്പിന്റെ ഓദ്യോഗിക വെബ്സൈറ്റായ www.forest.kerala. gov.in എന്നതിലൂടെയും serviceonline.gov.in/trekking എന്ന വെബ്‌സൈറ്റിലൂടെയും സന്ദര്‍ശന പാസുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്കിംഗ് ജനുവരി എട്ടിന് രാവിലെ 11 മണിക്കാണ് ആരംഭിക്കുക.
ട്രക്കിംഗില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കണം. പരമാവധി പത്ത് ആളുകളെ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു. ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1,100 രൂപയാണ്. ഒരു ദിവസം പരമാവധി നൂറുപേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെയാണ് അഗസത്യാര്‍കൂട ട്രക്കിംഗ്.
അതേസമയം ട്രക്കിംഗില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല. സന്ദര്‍ശകര്‍ ടിക്കറ്റിന്റെ പ്രിന്റ്ഔട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിംഗ് ദിവസം രാവിലെ ഏഴ് മണിക്ക് എത്തിച്ചേരേണ്ടതാണ്. പത്ത് പേര്‍ അടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാക്കും.
അതേസമയം സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടു പോവുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ നിരോധിച്ചിട്ടുണ്ട്. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളില്‍ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ-ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.ടി.പി നഗറിലുള്ള തിരുവനന്തപുരം വെല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0471 2360762















Discussion about this post