രമ്യാ ഹരിദാസ് എംപി ആയപ്പോള്‍ കുന്ദമംഗലത്തെ ഭരണവും പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫ് കൊണ്ടു പോയി

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. ആലത്തൂര്‍ എംപി രമ്യ ഹരിദാസ് രാജിവച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചാം ഡിവിഷനിലെ മെമ്പറായ സിപിഐ എം അംഗം പി സുനിതയെയാണ് പ്രസിഡന്റായി തെരഞ്ഞടുത്തത്. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

പ്രസിഡന്റായി തെരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് വൈസ് പ്രസിഡന്റായ ശിവദാസന്‍ നായരാണ്. രാജീവ് പെരുമണ്‍തുറ പിന്‍താങ്ങി. ഇതോടെ ബ്ലോക്ക് ഭരണവും എല്‍ഡിഎഫിന് ലഭിക്കും.

രമ്യ ഹരിദാസ് രാജിവച്ച ഒഴിവിലേക്ക് പുവ്വാട്ടുപറമ്പില്‍ ഡിവിഡഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നസീബ റായ് വിജയിച്ചിരുന്നു. ഇതോടെ ഭരണം യുഡിഎഫ് നിലനിര്‍ത്തി. പിന്നീട് പ്രസിഡന്റായ കോണ്‍ഗ്രസിലെ വിജി മുപ്രമ്മല്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെ ഒരുമാസം മുമ്പ് രാജിവച്ചു. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് പൂര്‍ണമായും ബോധ്യമായതോടെ ഗത്യന്തരമില്ലാതെയാണ് വിജി മുപ്രമ്മല്‍ രാജിവച്ചത്.

എല്‍ജെഡി അംഗമായ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ എല്‍ഡിഎഫിന്റെ ഭാഗമായതോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ഇതോടെ 19 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 10ഉം യുഡിഎഫിന് ഒമ്പതും അംഗങ്ങളായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ വളരെ താഴ്ന്ന റാങ്ക് ആയിരുന്നു പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ രമ്യ പ്രസിഡന്റായിരുന്ന കുന്ദമംഗലത്തിന് ഉണ്ടായിരുന്നത്.

ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശിയാണ് പുതിയ പ്രസിഡന്റ് സുനിത. സുനിത മുമ്പ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ടായി അഞ്ചു വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രിസൈഡിംഗ് ഓഫീസര്‍ അസി. ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ടിബു ടി കുര്യന്‍ സത്യവാചകം ചൊല്ലി കൊടുത്തു.

Exit mobile version