കോട്ടയം: വൈദ്യുത ബില്‍ കുടിശിക വരുത്തിയതിനെ തുടന്ന് ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരനെ അപായപ്പെടുത്താന്‍ വീട്ടുടമയുടെ ശ്രമം. കോട്ടയം പനയത്തിക്കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷാജിക്കെതിരെ അതിരമ്പുഴ ഇലക്ട്രിക്കല്‍ സെക്ഷനിലെ വര്‍ക്കര്‍ ഇആര്‍ ജയദേവനാണ് പരാതി നല്‍കിയത്. ഓട്ടോറിക്ഷ ഇടിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഷാജിക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഷാജി ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ വൈദ്യുത ബില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. കുടിശിക തുക അടക്കേണ്ട അവസാന തിയതി അറിയിക്കാനായി ജയദേവന് ഷാജിയുടെ വീട്ടില്‍ ചെന്നു. എന്നാല്‍ വീട്ടില്‍ ആരെയും കണ്ടില്ല. ഷാജിയുടെ ഫോണില്‍ പലതവണ വിളിച്ചുവെങ്കിലും ഷാജി ഫോണെടുത്തില്ലെന്ന് ജയദേവന് പറഞ്ഞു. തുടര്‍ന്ന് ഫ്യൂസ് ഊരി മീറ്റര്‍ ബോക്സില്‍ തന്നെ വെച്ചിട്ട് ജയദേവന് മടങ്ങി.
ഈ സമയത്ത് സ്ഥലത്തെത്തിയ ഷാജി തന്നെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞെന്നാണ് ജയദേവന്റെ പരാതി. തുടര്‍ന്ന് ഓട്ടോറിക്ഷ കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. നിലത്തു വീണ തന്റെ കാലിലൂടെ ഓട്ടോറിക്ഷയുടെ മുന്‍ചക്രം കയറ്റിയെന്നും ജയദേവന് പറയുന്നു.
തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ജയകുമാറിനെ അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്കിയ ശേഷം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ജയദേവന്റെ പാദത്തിനു പൊട്ടലുള്ളതായി കണ്ടെത്തി. ജയദേവന് ചികിത്സയിലാണ്.
Discussion about this post