തൃശ്ശൂർ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ ബിജെപിയേയും സംഘപരിവാർ അനുകൂലികളേയും കണക്കറ്റ് പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും പൗരത്വമാണ് റദ്ദാക്കേണ്ടതെന്ന് ഫേസ്ബുക്കിൽ സന്ദീപാനന്ദ ഗിരി കുറിച്ചു. ‘രണ്ടുപേരുടെ പൗരത്വം റദ്ദുചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസ രാജ്യത്തേക്ക് അയച്ചാൽ പിന്നെ ഇവിടം ശാന്തം സമാധാനം’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്.
ബലാത്സംഗക്കേസിലും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിലും പ്രതിയായ നിത്യാനന്ദ സ്ഥാപിച്ച ‘കൈലാസ’ എന്ന രാജ്യത്തെ കുറിച്ചായിരുന്നു പോസ്റ്റിലെ പരാമാർശം. അതേസമയം, ഈ പോസ്റ്റിന് കീഴിൽ വന്ന കമന്റും അതിന് നൽകിയ സന്ദീപാനന്ദയുടെ മറുപടിയും പോസ്റ്റിനേക്കാൾ ഹിറ്റ് ആയിരിക്കുകയാണ്. കമന്റ് ഇങ്ങനെ: ‘ഭയങ്കര ബുദ്ധി ആണല്ലോ ഷിബു ഏട്ടാ.. അപ്പോൾ ഇവര ഭരണം ഏൽപ്പിച്ച സംഘികളെ എന്തു ചെയ്യും.’
അതിന് സന്ദീപാനന്ദ ഗിരി നൽകിയ മറുപടി ഇങ്ങനെ: ‘അനിയാ, തേനീച്ചക്കൂട്ടിൽ നിന്നു റാണി ഈച്ചയെ മാറ്റിയാൽ ബാക്കിയെല്ലാം പുറകെ വിസയെടുത്തു പൊയ്ക്കോളും.’ ഈ കമന്റ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഒട്ടേറെപ്പേരാണ് പോസ്റ്റും ഈ കമന്റും പങ്കുവെയ്ക്കുന്നത്.