കൊച്ചി: ഉദയംപേരൂരിൽ താമസമാക്കിയ പ്രേം കുമാറും കാമുകി സുനിത ബേബിയും ചേർന്ന് വിദ്യയെ കൊലപ്പെടുത്തിയതോടെ അനാഥനായത് ആറാം ക്ലാസുകാരൻ. പ്രേകുമാർ ഭാര്യ വിദ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോലീസ് കസ്റ്റഡിയിലാണ്. ഇതോടെ വിദ്യയുടെയും പ്രേം കുമാറിന്റേയും ഇളയമകൻ ആരോരുമില്ലാതെ തെരുവിലിറങ്ങേണ്ട അവസ്ഥയിലുമായി. വിദ്യ കൊല്ലപ്പെടുകയും പ്രേംകുമാർ പിടിയിലാകുകയും ചെയ്തതോടെ ഇവരുടെ മൂത്തമകളെ ബന്ധുക്കൾ ഏറ്റെടുത്തിരുന്നു. എന്നാൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകനെ ഏറ്റെടുക്കാൻ വിസമ്മതിച്ചു.
ഇതോടെ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലി പോകുകയാണെന്നും അതിനാൽ പഠിക്കാൻ സംരക്ഷണ കേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് കൊണ്ടുപോകും വഴിയാണ് പ്രേംകുമാർ പോലീസ് പിടിയിലായത്. ഇതോടെ സുനിതയും പ്രേംകുമാറും കാണിച്ച ക്രൂരതയ്ക്ക് ഇരയായത് ഈ പത്തുവയസുകാരനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായി. കൊലപാതകം പുറത്തറിയുന്നതിനു മുൻപ് തന്നെ പ്രേംകുമാർ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തിൽ പേടിതോന്നിയ ഒൻപതാം ക്ലാസുകാരിയായ മൂത്തമകൾ സ്കൂൾ കൗൺസിലറോട് പരാതി പറഞ്ഞതോടെ കുട്ടികൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോൾ അവർ മകളെ മാത്രം ഏറ്റെടുത്തു.
ബന്ധുക്കൾ കയ്യൊഴിഞ്ഞ മകനെ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ ഏൽപ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. അതേസമയം, ആറാം ക്ലാസുകാരനെ ഏറ്റെടുക്കാൻ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കൽകൂടി അന്വേഷിക്കുമെന്നും തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post