തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ക്ലാസ് സമയത്ത് ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അപകടമോ പരുക്കോ സംഭവിച്ചാല്‍ രക്ഷിതാക്കള്‍ എത്താന്‍ കാത്തു നില്‍ക്കാതെ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കണം. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പ്രധാന അധ്യാപകനായിരിക്കുംമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
സ്കൂള്‍ പരിസരവും, പാചകപ്പുരയും, ശുചിമുറികളും വൃത്തിയായി സംരക്ഷിക്കണം. പല സ്കൂളുകളിലെയും ശുചിമുറികള്‍ക്ക് വേണ്ടത്ര അടച്ചുറപ്പില്ല. ഇവിടെ ഇഴജന്തുക്കളുടെ ശല്യമില്ലെന്ന് അധികൃതര്‍ ഉറപ്പു വരുത്തണം. പരിശോധനാ സമയങ്ങളില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെ ഇക്കാര്യം ഉറപ്പു വരുത്തണം.
ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചെരിപ്പ് ധരിച്ച് പ്രവേശിക്കാം. അതേസമയം വീടുകളിലും സ്കൂളുകളിലും ഷൂസ് ധരിക്കുന്നതിന് മുന്‍പ് അതിനുള്ളില്‍ വിഷ ജീവികള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ഈ മാസം 30ന് മുന്‍പ് എല്ലാ സ്കൂളുകളിലും പിടിഎ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം ഡിസംബര്‍ അഞ്ചിന് മുന്‍പ് സ്കൂളുകളിലെ വിള്ളലുകളുടെ പൊത്തുകളും ഉള്‍പ്പെടെ അടയ്ക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post