തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇത്തരമൊരു നിയമോപദേശം പ്രാഥമികമായി സര്‍ക്കാരിന് നല്‍കിയത്.
അതേസമയം, പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വിശദീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഇന്ന് ഉച്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. മുഖ്യമന്ത്രിയുടെ നിയമോപദേശകന് എന്‍കെ ജയകുമാര്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
2018 സെപ്റ്റംബര്‍ 28ലെ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി
വിധിയിലെ പല കാര്യങ്ങളും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ 2018 സെപ്റ്റംബര്‍ 28ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിന് വരുന്നില്ലെന്ന പ്രാഥമിക നിയമോപദേശമാണ് സര്‍ക്കാരിന് മുന്നില്‍ ഇപ്പോഴുള്ളത്.
എജിയുടെയും നിയമ സെക്രട്ടറിയുടെയും ഉപദേശങ്ങള്‍ക്ക് ശേഷം സുപ്രീംകോടതിയി നിന്ന് വിരമിച്ച ജഡ്ജിമാരോ അല്ലെങ്കില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നോ ഉപദേശം തേടാനും സര്‍ക്കാര്‍ തയ്യാറായേക്കും. കൂടാതെ,
കഴിഞ്ഞ ദിവസത്തെ കോടതി വിധിയില്‍ ആശയക്കുഴപ്പം നില്‍ക്കുമ്പോഴും വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കില്ലെന്നാണ് സൂചന.
അതേസമയം, വിധിയില്‍ സ്റ്റേ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികളുണ്ട്. തൃപ്തി ദേശായി ഉള്‍പ്പെടെ ഇക്കുറി 30 ഓളം യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇനി വേണ്ടത് രാഷ്ട്രീയവും നിയമപരവുമായ തീരുമാനമാണ്. രാഷ്ട്രീയമായ തീരുമാനത്തിന് നിയമപരമായ പിന്‍ബലം ആവശ്യമാണ്. മറിച്ചൊരു തീരുമാനമെടുത്താല്‍ അത് നിലനില്‍ക്കില്ലെന്ന വാദവുമുണ്ട്. ഇതിനാലാണ് വിദഗ്ധ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post