നാലു കിലോ സവാള വാങ്ങൂ, ഒരു ഷര്‍ട്ട് തികച്ചും സൗജന്യം; കിലുക്കന്‍ ഓഫറുമായി ഒരു കച്ചവടക്കാരന്‍

നാലു കിലോ സവാളയ്ക്ക് മുന്നൂറ് രൂപയാണ് വില

കൊല്ലം: ‘നാലു കിലോ സവാള വാങ്ങൂ, ഒരു ഷര്‍ട്ട് തികച്ചും സൗജന്യം’ ഇത് കൊല്ലം കളക്ടറേറ്റിനടുത്ത് പച്ചക്കറി നടത്തുന്ന പ്രകാശ് എന്ന കച്ചവടക്കാരന്‍ നല്‍കുന്ന ഓഫറാണ്. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ നിരാശരാക്കാതിരിക്കുവാന്‍ വേണ്ടിയാണ് പ്രകാശ് വ്യത്യസ്തമായ ഓഫര്‍ മുന്‍പോട്ട് വെച്ചത്.

നാലു കിലോ സവാളയ്ക്ക് മുന്നൂറ് രൂപയാണ് വില, സൗജന്യമായി ലഭിക്കുന്നത് മുന്നൂറ് രൂപയുടെ ഷര്‍ട്ടുമാണ്. ബംഗളൂരുവില്‍ നിന്ന് സുഹൃത്ത് വഴി എത്തിച്ച 50 ഷര്‍ട്ടുകളില്‍ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നുപോവുകയും ചെയ്തു. 300 രൂപയുടെ സാധനത്തിന് ഷര്‍ട്ട് സൗജന്യമായി നല്‍കിയാല്‍ സവാള കരയിക്കില്ലേ എന്ന് ചോദിച്ചാല്‍ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകള്‍ക്കായി മാറ്റി വെയ്ക്കുന്നുവെന്ന് പ്രകാശ് പറയുന്നു.

കൂടാതെ കടയിലെത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങുമ്പോള്‍ മനസിന് സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി നല്‍കാറണ്ട്. ഇതിനു മുന്‍പ് ലോട്ടറിയാണ് കൊടുത്തിരുന്നത്. ഇതില്‍ 10 പേര്‍ക്ക് ലോട്ടറിയടിക്കുകയും ചെയ്തിട്ടുണ്ട്. ഓഫറുകള്‍ അവസാനിച്ചിട്ടില്ലെന്നും, ഞെട്ടിക്കുന്ന ഓഫറുകള്‍ ഇനിയും മനസിലുണ്ടെന്ന് പ്രകാശ് പറയുന്നു.

Exit mobile version