തൃശ്ശൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിന്റെ മാതൃസഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ വിയ്യൂര്‍ ജയിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിയ്യൂര്‍ ജയിലില്‍ അലനെ കാണാന്‍ പോവുന്നതിനെ കുറിച്ചാണ് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ചുവന്ന മുണ്ടുകള്‍ക്ക് പകരം നിനക്ക് ഇനി വെള്ളമുണ്ട് മതിയെന്നും നിനക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ ഭയം തോന്നുന്നുവെന്നുമാണ് സജിത കുറിച്ചത്. ഇനി നമുക്ക് രാഷ്ട്രീയ ചര്‍ച്ചകള്‍ വേണ്ടെന്നും നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീ എത്രയും പെട്ടെന്ന് നിയമത്തിന്റെ കുരുക്കഴിച്ച് പുറത്തുവരണമെന്നും പറഞ്ഞാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.
മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളായ അലന് ഷുഹൈബ്, താഹ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സജിത മഠത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
അലന് വാവേ,വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.നിന്റെ നീളം ഉതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്.നിലത്ത് കിടന്നാല്‍ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?
നാളെ നിന്നെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങള്‍ എടുത്തു വെക്കുമ്പോള്‍ നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗില്‍ വെക്കേണ്ടത്? അല്ലെങ്കില്‍ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാന്‍ തന്നെ ഭയം തോന്നുന്നു.നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ. നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാള്?പെട്ടെന്ന് തിരിച്ച് വായോ!നിന്റെ കരുതലില്ലാതെഅനാഥമായ ഞങ്ങള്‍!
Discussion about this post