മഹ ചുഴലിക്കാറ്റ് ഭീഷണി; തീരദേശ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു; എംജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കോഴിക്കോട്: അറബികടലിൽ രൂപംകൊണ്ട മഹാചുഴലിക്കാറ്റ് സംസ്ഥാനത്തും പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തീരദേശങ്ങളിൽ ജാഗ്രതാ നിർദേശം. എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എറണാകുളത്തെ ബീച്ചുകളിലും ഇന്ന് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. സംസ്ഥാനത്ത് പരക്കെ ഇന്ന് രാവിലെ മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് മഹ ചുഴലിക്കാറ്റായതായി കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്.

അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നായരമ്പലത്ത് വെള്ളം കയറിയതിനെ തുടർന്ന് ക്യാംപിലേക്ക് ആളുകളെ മാറ്റി തുടങ്ങി. താന്തോന്നി തുരുത്ത് ഉൾപ്പടെയുള്ള പ്രദേശത്ത് നിന്നും ആളുകളെ ക്യാംപിലേക്ക് മാറ്റുന്നുണ്ട്. ഫോർട്ട് കൊച്ചിയിൽ നിരവധി വള്ളങ്ങൾ കടൽക്ഷോഭത്തിൽ തകർന്നു.

Exit mobile version