കോന്നി: കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യവത്കരണത്തിലൂടെയും വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെയും പൊതുമേഖലാസ്ഥാപനങ്ങൾ കേന്ദ്രസർക്കാർ തകർക്കുകയാണ്. മൻമോഹൻ സിങ് സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ തുടരുക മാത്രമാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ കോൺഗ്രസിന് ഇക്കാര്യം എതിർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആഗോളവത്കരണത്തെ അംഗീകരിക്കുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് മൻമോഹൻ സിങ് സർക്കാർ ചെയ്തത്. അത് തന്നെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
ബില്ലുകൾ പാസാക്കുന്നത് അനുകൂലിക്കുകയോ മൗനം പാലിക്കുകയോ ആണ് കോൺഗ്രസ് ചെയ്തത്. ജനവിരുദ്ധമായ കാര്യങ്ങൾ എതിർക്കാൻ കോൺഗ്രസിന് കഴിയില്ല. കാരണം അതവരുടെ നയമാണ്. ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയൂ എന്നും പിണറായി വിജയൻ പറഞ്ഞു.
Discussion about this post