പാലക്കാട്: അട്ടപ്പാടിയില്‍ ജലക്ഷാമം പരിഹരിക്കാന്‍ ഇറിഗേഷന്‍ പദ്ധതി വീണ്ടും വരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പദ്ധതി പുനരാരംഭിക്കന്നതിലൂടെ ജലക്ഷാമം പരിഹരിക്കപ്പെടും. പദ്ധതിയുടെ വിശദമായ കരട്, ജല മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു. 458 കോടി രൂപ മുടക്കിയാണ് പദ്ധതി നിലവില്‍ വരിക.
അണകെട്ടി കിഴക്കന്‍ അട്ടപ്പാടിയിലേക്ക് വെളളമെത്തിക്കുന്നതാണ് പദ്ധതി. ഇതോടെ അട്ടപ്പാടിയിലെ ജലക്ഷാമം പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം. 1974 ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ആ വര്‍ഷം തന്നെ പദ്ധതി നിലക്കുകയായിരുന്നു. ഭവാനിപ്പുഴയില്‍ നിന്ന് വെളളം നല്‍കുന്നതിലുളള തര്‍ക്കത്തിന് പരിഹാരമായതോടെയാണ് പദ്ധതിയുടെ പുതിയ രേഖ തയ്യാറായിരിക്കുന്നത്. ഭവാനി പുഴയുടെ പോഷക നദിയായ ശിരുവാണിക്ക് കുറുകെ അഗളി – ഷോളയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ചിറ്റൂരില്‍ അണക്കെട്ട് വരിക. 2.87 ടിഎംസി ജലം ഇവിടെ സംഭരിക്കും.
വലതുകരയിലും ഇടതുകരയിലുംകൂടി 47 കിലോമീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് പൈപ്പിലൂടെ ജലം കര്‍ഷകര്‍ക്ക് എത്തിക്കും. ഇതോടെ കിഴക്കന്‍ അട്ടപ്പാടി ഉള്‍പ്പടെ 4255 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് വെളളം കിട്ടും. കാലങ്ങളോളം ജലക്ഷാമം അനുഭവിക്കുന്ന ആദിവാസിയിലെ കര്‍ഷകര്‍ക്ക് ഇതൊരു വലിയ ആശ്വാസം ആയിരിക്കും.
Discussion about this post