മാവേലിക്കര: മാവേലിക്കരയില്‍ സ്പെക്ട്രം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ കാണാന്‍ കാത്തിരുന്ന പെണ്‍കുട്ടിക്ക് ഇരട്ടിമധുരമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹവും. ഉദ്ഘാടനശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രിയെ കാത്ത് ഒരു സമ്മാനവുമായാണ് മാവേലിക്കര സ്വദേശി ഗീതുകൃഷ്ണ വീല്‍ചെയറില്‍ കാത്തിരുന്നത്. മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച, വിരലുകള്‍ക്കു മാത്രം ചലന ശേഷിയുള്ള, ഗീതു വരച്ച ചിത്രങ്ങളുടെ പുസ്തകമാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഉള്‍പ്പടെയുള്ള ചിത്രങ്ങളാണ് പുസ്തകത്തില്‍ വരച്ചിരിക്കുന്നത്.
സ്വന്തം ചിത്രവും പുസ്തകത്തില്‍ കണ്ട മുഖ്യമന്ത്രി ഗീതുവിന്റെ കഴിവിനെ അഭിനന്ദിക്കാനും മറന്നില്ല. വിധിക്ക് മുന്നില്‍ തോല്ക്കാന് മനസില്ലാത്ത ആ കൊച്ചു മിടുക്കിയുടെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച ശേഷമാണ് മുഖ്യമന്ത്രി പിന്നീട് മടങ്ങിയത്. എന്റെ വിരല്പാടുകള് എന്നാണ് ചിത്രപുസ്തകത്തിന് ഗീതു പേരു നല്‍കിയിരിക്കുന്നത്. മടിയില്‍ പേപ്പര്‍ വച്ച് പെന്‍സില്‍ കൊണ്ട് ബലം കൊടുത്താണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
കവിതകള്‍ രചിക്കാനും മിടുക്കിയാണ് ഗീതു. എന്റെ ജീവിത നൊമ്പരം എന്ന കവിതാസമാഹാരം ആരോഗ്യ മന്ത്രി കെകെ ശൈലജ ഏറ്റുവാങ്ങി. 19 കവിതകളാണിതിലുള്ളത്.
22 വയസുകാരിയായ ഗീതുവെത്തിയത് അമ്മ ഓമനയ്ക്കൊപ്പമാണ്. പത്ത് വയസുവരെ സാധാരണ പെണ്‍കുട്ടികളെ പോലെ ഓടിച്ചാടി നടന്ന ഗീതുവിന് പെട്ടെന്ന് കാലുകള്‍ തളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രോഗം ബാധിക്കുകയും ചെയ്യുകയായിരുന്നു. അതോടെ അഞ്ചാം ക്ലാസില്‍ വെച്ച് പഠനം നിലച്ചു. പിന്നീട് വരകളിലും കവിതകളിലുമാണ് ആശ്വാസം കണ്ടെത്തിയത്. അച്ഛന് ഗോപാലകൃഷ്ണന് കുറച്ചു നാള് മുമ്പ് മരിച്ചു.
ഗീതുവിനെ പരിചരിക്കേണ്ടതിനാല്‍ അമ്മയ്ക്ക് ജോലിക്കു പോകാനുമാവുന്നില്ല. മസ്കുലാര്‍ ഡിസ്ട്രോഫി പോലുള്ള രോഗങ്ങള്‍ ബാധിച്ച് വിഷമിക്കുന്നവര്‍ക്കാണ് ഗീതു തന്റെ ചിത്ര പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Discussion about this post