ഒല്ലൂരെ ഈ ജങ്ഷൻ 15 മാസത്തിനിടെ കവർന്നത് നാല് സഹോദരങ്ങളുടെ ജീവൻ

ഒല്ലൂരെ ഈ ജങ്ഷൻ 15 മാസത്തിനിടെ കവർന്നത് നാല് സഹോദരങ്ങളുടെ ജീവൻ; എല്ലാവരുടെ മരണവും വാഹനമിടിച്ച്; കണ്ണീർ തോരാതെ പുള്ളിൽ വീട്

ഒല്ലൂർ: തൃശ്ശൂരിലെ ഒല്ലൂരിനടുത്ത പുഴമ്പള്ളം ജങ്ഷനിൽ വെച്ച് 15 മാസത്തിനിടെ ജീവൻ പൊലിഞ്ഞത് നാല് സഹോദരങ്ങൾക്ക്. പുള്ളിൽ വീട് കുടുംബാംഗങ്ങളായ നാല് പേരാണ് മരിച്ചത്. നാട്ടുകാരായ 15 പേരാണ് ഈ ജങ്ഷനിൽ ഒരു വർഷത്തിനിടെ ജീവൻ നഷ്ടപ്പെടുത്തിയത്. ഈ ജങ്ഷനിൽ അപകടക്കഥ തുടരുന്നതിനിടെയാണ് കണ്ണീരായി ഒരു കുടുംബത്തിലെ നാലു പേരുടെ മരണവാർത്തയും വാർത്തയിലിടം പിടിക്കുന്നത്.

നാലുപേരും പുള്ളിൽവീട്ടിലെ സഹോദരങ്ങൾ. മൂന്നു സഹോദരങ്ങളും പുഴമ്പള്ളം ജങ്ഷനിൽ വാഹനമിടിച്ചാണ് മരണപ്പെട്ടത്. ഒരു സഹോദരൻ ഇവിടുന്ന് 300 മീറ്ററോളം മാറി മരത്താക്കരയിലുമാണ് അപകടത്തിൽപ്പെട്ടത്. തലോർ-മണ്ണൂത്തി നാലുവരിപ്പാതയിലെ ഏറ്റവും അപകടകരമായ മേഖലയാണ് പുഴമ്പള്ളം ജങ്ഷൻ.

പുള്ളിൽവീട്ടിൽ പരേതരായ കുട്ടന്റെയും കല്യാണിയുടെയും അഞ്ച് മക്കളിൽ നാലു പേരാണ് ഇതുവരെയുള്ള അപകടങ്ങളിൽ മരണപ്പെട്ടത്. ഇവരുടെ മകൻ ഉണ്ണികൃഷ്ണൻ(46) ശനിയാഴ്ച അർധരാത്രിയാണ് മരണപ്പെട്ടത്. വീട്ടിലേക്ക് നടന്നുവരുമ്പോൾ പുഴമ്പള്ളം ജങ്ഷനിൽ വെച്ച് ബൈക്കിടിച്ച ഉണ്ണിക്കൃഷ്ണൻ തത്ക്ഷണം മരിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലായിൽ ആണ് ഉണ്ണിക്കൃഷ്ണന്റെ അനുജൻ ശ്രീനിവാസൻ മരിച്ചത്. രാത്രിയിൽ നടന്നുവരുന്നതിനിടെ കാറിടിച്ചാണ് ശ്രീനിവാസൻ മരിച്ചത്. ഉണ്ണിക്കൃഷ്ണന്റെ മറ്റൊരു സഹോദരനായ ആനന്ദനും(44) ഇവിടെ വച്ചാണ് മരിച്ചത്. ഇവരുടെ മൂത്തസഹോദരൻ സുധാകരൻ(48) മരിച്ചിട്ട് 15 മാസമേ ആയിട്ടുള്ളു. സുധാകരൻ മരത്താക്കരയിൽവെച്ച് ബസിടിച്ചാണ് മരിച്ചത്. പാഞ്ഞു വരുന്ന വാഹനങ്ങളുടെ വേഗം മനസിലാക്കാതെ രാത്രിസമയത്ത് റോഡ് മുറിച്ചു കടക്കുന്നതാണ് അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമെന്ന് അധികൃതർ പറയുന്നു.

Exit mobile version