കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ട് മുഴുവനും ലഭിച്ചെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി. വോട്ട് മറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും എൻ ഹരി പ്രതികരിച്ചു.
ബിജെപിയുടെ സംഘടനാ സംവിധാനത്തിനുള്ളിലെ മുഴുവൻ വോട്ടുകളും സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ മുഴുവൻ പോളിങിൽ പത്ത് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. അതിൽ ഒരു ശതമാനം ബിജെപിക്കും നഷ്ടപ്പെട്ടിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി എൽഡിഎഫ് വോട്ട് തേടിയിരുന്നതായും എൻ ഹരി പറഞ്ഞു. ബിജെപിയുടെ മുഴുവൻ വോട്ടും വീണെങ്കിലും ഘടകക്ഷികളുടെ വോട്ട് ചോർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഹരി പ്രതികരിച്ചു.
വോട്ട് മറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പാലാ ബിജെപിയുടെ എ, ബി, സി കാറ്റഗറിയിൽ പെടുന്ന മണ്ഡലമല്ല. ജോസ് കെ മാണിയുടെ സ്വന്തം ബൂത്തിൽ യുഡിഎഫിന്റെ വോട്ടിൽ വലിയ കുറവുണ്ടായി. അപ്പോൾ വോട്ട് മറിച്ചതാരാണെന്ന് മനസിലായില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം, കഴിഞ്ഞ നിമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഏഴായിരത്തോളം വോട്ടിന്റെ കുറവാണ് ബിജെപിക്കുണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെയും ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എണ്ണായിരത്തോളം വോട്ടിന്റെയും ഇടിവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
Discussion about this post