പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസ്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി (68)ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളാണ് ഇരയായത്. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നതിനിടെയാണ് ഫാദര്‍ പീഡിപ്പിച്ചത്. ഒരു മാസം മുന്‍പാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
പള്ളിക്ക് സമീപത്തെ സ്കൂളിന്റെ മാനേജര്‍ കൂടിയാണ് ജോര്‍ജ് പടയാട്ടി. സ്കൂളില്‍ ഇടവേള കിട്ടുന്ന സമയങ്ങളിലാണ് ഒമ്പത് വയസുള്ള കുട്ടികള്‍ പള്ളിയില്‍ എത്തിയത്. ഈ സമയം കുട്ടികളെ ഇരയാക്കുകയായിരുന്നുവെന്നാണ് വിവരം. വികാരിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു പെണ്‍കുട്ടിയാണ് വിവരം സ്കൂളില്‍ എത്തി അധ്യാപികയെ അറിയിച്ചത്. അവര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. ശേഷം നടത്തിയ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പിന്നീട്, വികാരിക്കെതിരെ കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ മജിസ്ട്രേറ്റിനു മുന്നില്‍ കുട്ടികള്‍ രഹസ്യമൊഴി നല്കി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞാണ് ഇയാള്‍ നാട് വിട്ടത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Discussion about this post