കണ്ണൂര്‍: ലോകം അറിയാതെ പോകുന്ന ഒരുപാട് ഗായികമാരെയാണ് സോഷ്യല്‍മീഡിയ നമുക്ക് സമ്മാനിക്കുന്നത്. ആരുടെയും മനംമയക്കുന്ന സ്വരത്തില്‍ പാട്ട് പാടി അമ്പരപ്പിച്ച ചന്ദ്രലേഖയെ നാം മറന്നു കാണാന്‍ ഇടയില്ല. ആ ഗായികയെ സമ്മാനിച്ചത് സോഷ്യല്‍മീഡിയ ആയിരുന്നു. അടുത്തിടെ നിറഞ്ഞത് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയ റാണു മണ്ഡേലിന്റെ മധുര സ്വരവും എത്തിച്ച് നല്‍കിയത് സോഷ്യല്‍മീഡിയ തന്നെയായിരുന്നു. അവര്‍ ഇന്ന് ബോളിവുഡില്‍ പാടി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്.
ശേഷം എത്തിയ മധുര ശബ്ദത്തിന് ഉടമ ഒരു കൊച്ചു കുഞ്ഞാണ്. ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് അനന്യ പാടിയ പാട്ട് ഇന്ന് കേരളക്കരയെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ അനന്യ മോള് സിനിമയിലേയ്ക്ക് പോവുകയാണ്. ആ മധുര ശബ്ദം ഇനി നമുക്ക് സിനിമാ ഗാനങ്ങളില്‍ കേള്‍ക്കാം. ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യ പാടുന്നത്.
ബിജിപാലിന്റെ സംഗീതത്തിലാണ് അനന്യയുടെ സിനിമാ അരങ്ങേറ്റം. അനന്യ പാടിയ പാട്ട് കണ്ട് സംവിധായകന് പ്രജേഷ് സെനും, ബിജിപാലും ചേര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കുകയായിരുന്നു. ജന്മനാ കാഴ്ച്ചയില്ലാത്ത ഈ കൊച്ചുമിടുക്കിക്ക് വേണ്ടി ചിത്രത്തിലെ ഒരു ഗാനം ഇവര്‍ മാറ്റിവച്ചു. ഈ നീക്കത്തിന് പൂര്‍ണ്ണപിന്തുണയുമായി നടന് ജയസൂര്യയും എത്തി. അനന്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന് പ്രജേഷ് സെന്‍ പറയുന്നു.
ഉയരെ എന്ന് ചിത്രത്തിലെ ‘നീ മുകിലോ..’ എന്ന പാട്ടാണ് അനന്യ കൂട്ടുകാര്‍ക്കായി പാടിയത്. സംഭവം സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയായിരുന്നു. കണ്ണൂര്‍ വാരം സ്വദേശിയാണ് അനന്യ. വീട്ടിലെ റേഡിയോയില്‍ പാട്ട് കേട്ടാണ് അനന്യ ആദ്യമായി സംഗീതം പഠിച്ചത്. ധര്‍മ്മശാല മാതൃകാ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസുകാരിയാണ് അനന്യ.
Discussion about this post