കൊച്ചി: കൊച്ചി നഗരത്തില്‍ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചു. നഗര സുരക്ഷയ്ക്കായി സ്ഥാപിച്ച 99 ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വെറും നാലെണ്ണം മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന കൊച്ചി നഗരത്തിലാണ് എന്നിരിക്കവേയാണ് ഇത്രയും സുരക്ഷാ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നത്.
കൊച്ചിയില്‍ ഹൈക്കോടതി പരിസരം അടക്കമുള്ള അതീവ സുരക്ഷാ പ്രധാന്യമുള്ള സ്ഥലങ്ങളിലെ ക്യാമറകള്‍ പണിമുടക്കിയിട്ട് എട്ട് മാസമായിട്ടും ഇതുവരെ പരിഹരിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
63 ഫിക്സഡ് ക്യാമറകളും, 33 ഡോം ക്യാമറകളും അടക്കം 99 ക്യാമറകളാണ് നഗരത്തെ സദാസമയവും നിരീക്ഷിക്കാന്‍ വേണ്ടി പോലീസ് സ്ഥാപിച്ചിരുന്നത്.
പക്ഷേ ജില്ലാ പോലീസ് മേധാവി നല്കുന്ന വിവരാവകാശ രേഖയില്‍ കൊച്ചി നഗരത്തില്‍ പോലീസ് സ്ഥാപിച്ച സുരക്ഷാക്യാമറകള്‍ മുഴുവന്‍ കണ്ണടച്ചിരിക്കുകയാണെന്ന് വ്യക്തമാണ്. പള്ളിമുക്കിലെയും തേവരയിലെയും നാല് ക്യാമറകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പോലീസ് തന്നെ വ്യക്തമാക്കുന്നത്.
സൗത്ത് റെയില്‍വേ സ്റ്റേഷന്, മേനക ജംഗ്ഷന്, ജഡ്ജസ് അവന്യു, ഹൈക്കോടതി ജംഗ്ഷന്, വൈറ്റില ഹബ്ബ് അടക്കം നഗരത്തിലെ ഏറ്റവും തിരക്കേറിയതും അതീവ സുരക്ഷാ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. 2018 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളിലാണ് ക്യാമറകള്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തര രഹിതമായിട്ടുള്ളതെന്നാണ് പോലീസ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്.
Discussion about this post