ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ലളിതമായ രീതിയില്‍ നിലപാട് എടുക്കാന്‍ ഒരുങ്ങി സിപിഎം. ആവേശത്തില്‍ ഒരു തീരുമാനം എടുക്കരുതെന്ന് സിപിഎം സംസ്ഥാനസമിതിയിലെ യോഗത്തില്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് സിപിഎമ്മിലെ പുതിയ തീരുമാനം. രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ പാര്‍ട്ടിയ്ക്ക് പറ്റിയ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങളുയര്‍ന്നു.

വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്ത് നീക്കം നടത്തും. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും സിപിഎമ്മില്‍ നിര്‍ദേശമുയര്‍ന്നു. നിലവില്‍ കണ്ണൂരിലടക്കമുള്ളത് പോലെ, പ്രാദേശിക തലത്തില്‍ വിശ്വാസികളുമായി കൂടുതല്‍ അടുക്കാന്‍ ക്ഷേത്രസമിതികളില്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിര്‍ദേശമുണ്ട്.

പാര്‍ട്ടിക്ക് എതിരായ നിലപാട് പരസ്യമായി എടുക്കരുതെന്നും. അത് പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ അകലാന്‍ കാരണമാവുമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പ്രവര്‍ത്തനം വാചകങ്ങളില്‍ ഒതുങ്ങാതെ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങുണുമെന്നും നിര്‍ദേശം നല്‍കി.

യോഗത്തില്‍ ചര്‍ച്ചയായ മറ്റൊരു പ്രധാനപ്പെട്ട കാര്യം മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ചുമാണ്. ഇതിനെതിരെ ഉയര്‍ന്ന ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചര്‍ച്ചത്തുടര്‍ന്നത്.

സിപിഎം മന്ത്രിമാര്‍ക്കെതിരെ സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. പ്രവര്‍ത്തര്‍ക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല. ചില പ്രവര്‍ത്തകരെ കണ്ടാല്‍ ചില മന്ത്രിമാര്‍ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നു. ജില്ലാ കമ്മിറ്റി ശുപാര്‍ശകള്‍ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാര്‍ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കണമെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്.

Exit mobile version