മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും കാരണം കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിത പാറ ഖനനവും; ദുരന്തമുണ്ടായ അഞ്ചു ജില്ലകളിലുള്ളത് ആയിരത്തിലേറെ ക്വാറികള്‍

അഞ്ചു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 1104 ക്വാറികളാണ് കനത്ത നാശം വിതക്കാന്‍ കാരണമെന്നാണ് പഠനം സൂചിപ്പിക്കുന്നു

നിലമ്പൂര്‍: സംസ്ഥാനത്തുണ്ടായ മണ്ണിടിച്ചലും ഉരുള്‍പൊട്ടലിനും കാരണം കാലാവസ്ഥ വ്യതിയാനത്തോടൊപ്പം അനിയന്ത്രിത പാറ ഖനനമാണെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞന്‍ ഡോ ടിവി സജീവന്‍ വ്യക്തമാക്കി. അഞ്ചു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 1104 ക്വാറികളാണ് കനത്ത നാശം വിതക്കാന്‍ കാരണമെന്നാണ് പഠനം സൂചിപ്പിക്കുന്നു. അതേസമയം കേരളത്തില്‍ 750 ക്വാറികള്‍ക്ക് മാത്രമാണ് മൈനിങ് ജിയോളജി വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.

തുടര്‍ന്ന് ദുരന്തമേഖലകളായ മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളില്‍ മാത്രം 1104 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. സംസ്ഥാനത്ത് കനത്ത ആളപായവും നാശനഷ്ടവും വിതച്ച കവളപ്പാറയ്ക്കു സമീപം 21 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ചു കിലോമീറ്ററിനുള്ളില്‍ 12 ക്വാറികളും 10 കിലോ മീറ്ററിനുള്ളില്‍ 9 ക്വാറികളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ എര്‍ത്ത്, ബിങ് മാപ്പ് എന്നീ സാങ്കേതികവിദ്യകള്‍ വഴിയാണ് ഡോ ടിവി സജീവന്‍ ദുരന്തമേഖലകളിലെ ക്വാറികളുടെ കണക്കുകള്‍ പുറത്തുവിട്ടത്. അനിയന്ത്രിത പാറഖനനത്തിന് പുറമേ ചില ക്വാറികളില്‍ പാറക്കല്ലുകള്‍ കഴുകാനായി വലിയതോതില്‍ ജലം സംഭരിച്ച് വെച്ചതും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും ഇടയാക്കിട്ടുണ്ടെന്ന് ഡോ സജീവ് പറയുന്നു. ക്വറികളില്‍ ഉണ്ടാകുന്ന ഉഗ്ര സ്‌ഫോടനങ്ങള്‍ പശ്ചിമഘട്ടത്തെ അസ്ഥിരപ്പെടുത്തുകയും ഇത് കനത്ത് മഴ പെയ്യുമ്പോള്‍ മലകള്‍ ദുര്‍ബലമാകുകയും മണ്ണിടിച്ചലിനും ഉരുള്‍പൊട്ടലിനും സാധ്യത ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു ഗ്രാമം തന്നെ ഇല്ലാതാവുകയും നൂറിലേറെ വീടുകള്‍ തകരുകയും ചെയ്ത അമ്പുട്ടാംപൊട്ടി അടക്കമുള്ള പോത്തുകല്ലില്‍ 17 ക്വാറികളാണുള്ളത്. പരിസ്ഥിതിലോല പ്രദേശം സോണ്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയ വയനാട് പുത്തുമലയിലെ അഞ്ചു കിലോമീറ്റര്‍ പരിധിയിലും ഒരു ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പേരുടെ മരണം സംഭവിച്ച വടകര വിലങ്ങാട് 42 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മലപ്പുറം കോട്ടക്കുന്നിന്റെ സമീപപ്രദേശങ്ങളിലായി 129 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നു പേരുടെ മരണം സംഭവിച്ച കല്ലടിക്കോട് കരിമ്പയില്‍ 26 ക്വാറികളാണുള്ളത്. മണ്ണിടിച്ചില്‍ വലിയ നാശനഷ്ടങ്ങളുണ്ടായ സൗത്ത് മലമ്പുഴയില്‍ 43 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടുപേര്‍ മരണപ്പെട്ട ഇടുക്കി ചെറുതോണി ഗാന്ധിനഗര്‍ കോളനിക്കു സമീപപ്രദേശങ്ങളില്‍ 22 ക്വാറികളാണുള്ളത്.

വയനാട്ടിലും ഇടുക്കിയിലും ഉരുള്‍പൊട്ടലുണ്ടായത് പരിസ്ഥിതിലോല പ്രദേശം സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ട മേഖലകളിലാണ്. ഇടുക്കിയിലെ കുമളി വെള്ളാരംകുന്ന്, മുരിക്കാടി, മുണ്ടക്കയം ഈസ്റ്റ്, ദേവികുളം ഗ്യാപ് റോഡ്, ചെറുതോണി ഗാന്ധിനഗര്‍ കോളനിയും സോണ്‍ ഒന്നില്‍ ആണ് ഉള്‍പൊടുത്തിയിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി പൊട്ടിക്കല്‍, കല്ലടിക്കോട് കരിമ്പ, ആലത്തൂര്‍ വിഴുമല, കാഞ്ഞിരത്തോട് പൂഞ്ചോല, പല്ലശ്ശന കുറ്റിപ്പല്ലി എന്നിവടങ്ങളും സോണ്‍ ഒന്നിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. കോഴിക്കോടും മലപ്പുറത്തും ഖനനത്തിന് നിയന്ത്രണം വേണ്ട സോണ്‍ മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി നാശം ിതച്ചിരിക്കുന്നത്.

Exit mobile version