കൊച്ചി: സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്കി വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റില്‍. ചാവക്കാട് വൈലത്തൂര്‍ ഞമനങ്ങാട്കര കൊട്ടാരപ്പാട്ട് വീട്ടില്‍ ഇസ്മയിലിനെ (46) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
സിനിമയിലും ആങ്കറിങ്ങിലും അവസരം നല്‍കാമെന്ന് കാണിച്ച് ഇയാള്‍ നല്കിയ പരസ്യത്തില്‍ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നല്കിയ പരസ്യം കണ്ട് ഇരയായ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും ഇയാളെ ഫോണില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് അഭിനയിക്കാനും ആങ്കറിംഗിനും അവസരം ഉണ്ടാക്കിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് ഇയാള്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.
പിന്നാലെ രണ്ടുപേരെ മാത്രം തിരഞ്ഞെടുത്തതായും ഇന്റര്‍വ്യൂ നടത്തണമെന്നും പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനു വിദ്യാര്‍ത്ഥിനി മാത്രമാണെത്തിയത്. ശേഷം പെണ്‍കുട്ടിയെ കാറില്‍ കയറ്റി ലോഡ്ജ് മുറിയില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു ഇയാള്‍.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് ചാവക്കാട്ടെ വീട്ടില്‍ നിന്നു പ്രതിയെ പിടികൂടിയത്.
Discussion about this post