തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന് ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചെങ്കിലും കോടതി ഇക്കാര്യം തള്ളുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന വാദം ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പോലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഭാഗങ്ങള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യവും കോടതി തള്ളി.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ പാഞ്ഞ കാര്‍ മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബഷീര്‍ മരണപ്പെട്ടിരുന്നു. മദ്യലഹരിയിലായിരുന്നു ശ്രീറാം വെങ്കിട്ടരാമന് വാഹനമോടിച്ചിരുന്നതെന്ന് സുഹൃത്ത് വഫ ഫിറോസ് നല്കിയ മൊഴി. എന്നാല്‍ രക്ത പരിശോധനയില്‍ അത് തെളിയിക്കാനായില്ല. അപകടം നടന്ന് ഒന്‍പത് മണിക്കൂര്‍ പിന്നിട്ട ശേഷമാണ് പരിശോധനയ്ക്കായി രക്തസാമ്പിള്‍ സ്വീകരിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Discussion about this post