ന്യൂഡല്‍ഹി: കുല്ഭൂഷന് ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി രാജ്യം ആഘോഷമാക്കുകയാണ്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജാദവിന് വേണ്ടി വാദിച്ചത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ്.
ഹരീഷിനെതിരെ പാകിസ്താന് ഇറക്കിയത് ഖാവര്‍ ഖുറേഷിയെ ആയിരുന്നു. ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും എല്‍എല്‍എം ബിരുദം നേടിയ ക്വീന്‍സ് കൗണ്‍സല്‍ ആണ് ഖുറേഷി. 2017ല്‍ അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭൂഷന്റെ വധശിക്ഷ സ്റ്റേ ചെയ്യിപ്പിച്ചതാണ് അദ്ദേഹത്തിന്റെയും ടീമിന്റെയും ഈ വിഷയത്തിലെ ആദ്യ വിജയം.
പാകിസ്താന് വേണ്ടി ഖുറേഷി, ജാദവിന്റേതെന്ന മട്ടില്‍ മുസ്ലിം പേരിലുള്ള ഒരു പാസ്പോര്‍ട്ടും, സൈനിക തടവില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത കുറ്റസമ്മത വീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഹാജരാക്കി, ജാധവ് ഒരു ചാരനാണെന്നും, കോണ്‍സുലാര്‍ ആക്സസ് ചാരന്മാര്ക്ക് ബാധകമല്ലെന്നും വാദിച്ചു.
എന്നാല്‍, അവയെല്ലാം വ്യാജമാണെന്ന് തെളിവുസഹിതം തന്നെ ഇന്ത്യക്കുവേണ്ടി സാല്‍വെയും വാദിച്ചു. ജാദവിനെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനുമൊക്കെയുള്ള തെളിവുകളും ഹാജരാക്കി. കോണ്‍സുലാര്‍ ആക്സസ് വേണമെന്ന് തുടര്‍ന്നും വാദിച്ചു.
മാത്രമല്ല, ഒരു സിറ്റിങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭരായ അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വെ കുല്ഭൂഷന് ജാദവിന്റെ കേസ് വാദിക്കാന്‍ വാങ്ങിയത് കേവലം ഒരു രൂപ മാത്രമാണെന്നതും ഏറെ ശ്രദ്ധേയമാണ്. ഒരൊറ്റ സിറ്റിങിന് ആറുമുതല്‍ പതിനഞ്ചു ലക്ഷം വരെയാണ് നിലവില്‍ സാല്‍വെയുടെ പ്രതിഫലം. മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റിറിലെ ഒരു യൂസറിനുള്ള മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
Not fair. #HarishSalve has charged us Rs.1/- as his fee for this case. https://t.co/Eyl3vQScrs
— Sushma Swaraj (@SushmaSwaraj) 15 May 2017
ഭരണഘടന, നികുതി, വ്യവസായ നിയമങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. പിണറായി വിജയനുവേണ്ടി ലാവലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായതും സാല്‍വെയായിരുന്നു.
എഴുപതുകളില്‍ അച്ഛന്റെ വഴി പിന്തുടര്ന്ന് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഹരീഷ് അഭിഭാഷ കുപ്പായമണിയുന്നത്. അഡ്വ. പാല്‍ഖിവാലയുടെ ജൂനിയര്‍ ആയിട്ടാണ് 1980-ല്‍ ഹരീഷും എന്റോള്‍ ചെയ്ത് പ്രാക്ടീസ് തുടങ്ങുന്നത്.
Discussion about this post