ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ സജീവ ഇടപെടലിനൊരുങ്ങി ആര്‍എസ്എസും. രാഷ്ട്രീയ സ്വയംസേവക് സംഘ്(ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭാഗവതും ആറ് ആര്‍എസ്എസ് നേതാക്കളും ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു. മോഹന്‍ ഭാഗവതിനെ കൂടാതെ സുരേഷ് ജോഷി, സുരേഷ് സോണി, കൃഷ്ണ ഗോപാല്‍, വി ഭാഗയ്യ, അരുണ്‍ കുമാര്‍, അനിരുദ്ധ് ദേശ്പാണ്ഡെ തുടങ്ങിയ ആര്‍എസ്എസിന്റെ ദേശീയ നേതൃനിരയിലുള്ള ഒരു സംഘം നേതാക്കളാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച് വെരിഫൈ ചെയ്യാനും നേതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ നേതാക്കളാരും ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. ഒരു വരി പോലും കുറിച്ചില്ലെങ്കിലും അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം 8,000ലേറെ ഫോളോവേഴ്സിനെ സമ്പാദിക്കാന്‍ ആര്‍എസ്എസ് തലവന്‍ ഭാഗവതിന് സാധിച്ചിട്ടുണ്ട്.
അതേസമയം, ആര്‍എസ്എസിന് നേരത്തെ മുതല്‍ തന്നെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് നിലവിലുണ്ടായിരുന്നു. 1.3 മില്യണ്‍ ഫോളോവേഴ്സാണ് ഈ അക്കൗണ്ടിലുള്ളത്. ഈ അക്കൗണ്ടിലൂടെയാണ് ഔദ്യോഗിക വിവരങ്ങള്‍ ആര്‍എസ്എസ് പങ്കുവെക്കാറുള്ളത്. കൂടാതെ 54 ലക്ഷം ഫോളോവേഴ്സുള്ള വെരിഫൈഡ് ഫേസ്ബുക്ക് പേജും ആര്‍എസ്എസിനുണ്ട്.
Discussion about this post