ന്യൂഡല്‍ഹി: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. വിഷയത്തില്‍ നീതിഷ് കുമാര്‍ സര്‍ക്കാരില്‍ നിന്നും കോടതി മറുപടി തേടി. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നുമാണ് നിതീഷ് കുമാര്‍ പറഞ്ഞത്.
മരുന്നുകള്‍, പോഷകാഹാരം, ശുചിത്വം എന്നീ വിഷയങ്ങളില്‍ എടുത്ത സമീപനത്തെ കുറിച്ചായിരുന്നു കോടതി ചോദിച്ചത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നു പറഞ്ഞ സര്‍ക്കാര്‍ രേഖാമൂലം റിപ്പോര്‍ട്ടു നല്കാന് പത്തുദിവസത്തെ സമയം തേടുകയും ചെയ്തു. എന്നാല്‍ ഏഴുദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കേന്ദ്രസര്‍ക്കാറിനും ബീഹാര്‍ സര്‍ക്കാറിനും കോടതി നിര്‍ദേശം നല്കി.
മനോഹര്‍ പ്രതാപ്, എസ് അജ്മണി എന്നിവര്‍ നല്കിയ പൊതുതാല്പര്യ ഹരജിയിലായിരുന്നു കോടതി ഇടപെടല്‍. ബിഹാര്‍ സര്‍ക്കാറിന്റെ നടപടികള്‍ അനുയോജ്യമല്ലെന്നും രോഗം പടരുന്നത് തടയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ബിഹാറില്‍ 149 കുട്ടികളാണ് മസ്തിഷ്കജ്വരം ബാധിച്ച് മരണപ്പെട്ടത്.
Discussion about this post