ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി തിങ്കളാഴ്ച (ജൂണ്‍ 17) പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്കുകയെന്നും സംഘടന പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ നിയമനിര്‍മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ സമീപിക്കുമെന്നും ഐഎംഎ അറിയിച്ചു. 3.5 ലക്ഷം ഡോക്ടര്‍മാര്‍ സമരത്തിന്റെ ഭാഗമാകുമെന്നും അറിയിച്ചു.
കൊല്‍ക്കത്തയിലെ നീല്‍ രത്തന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശീലനത്തിനെത്തിയ ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന് ഇന്ന് സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.
മഹാരാഷ്ട്രയില്‍ 4500 ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതു നിര്‍ത്തിയെന്ന് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ സംഘന അറിയിച്ചു. ഹൈദരാബാദിലും ഡോക്ടര്‍മാര്‍ സമരം നടത്തുന്നുണ്ട്.
കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു രോഗിയുടെ ബന്ധുകള്‍ പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചിരുന്നു. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുകളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്. ഇതിനു പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്.
Discussion about this post