മുംബൈ: ‘ഞാന്‍ വീട്ടിലിരിക്കുന്ന ഒരച്ഛനാണ്’ സ്വന്തം മക്കളെ നോക്കുവാന്‍ ഷാര്‍ജയിലെ ഷെഫ് ജോലി ഉപേക്ഷിച്ച ഒരച്ഛന്റെ വാക്കുകളാണ് ഇത്. വീടായാല്‍ കുടുംബനാഥന് ജോലിക്ക് പോകണം, ഭാര്യ വീടും മക്കളെയും നോക്കി നില്ക്കും, ഇത് പണ്ട് കാലം മുതല്‍ക്കെ പിന്തുടരുന്ന ഒരു സമ്പ്രദായം ആണ്. ഇവയില്‍ നിന്നെല്ലാം മാറി ചിന്തിക്കുന്ന ഒരു ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ് നാം. പക്ഷേ ഗൃഹനാഥന് ജോലിക്ക് പോകും എന്നതില്‍ സംശയമില്ല.
എന്നാല്‍ അതും തിരുത്തി കുറിക്കപ്പെട്ടിരിക്കുകയാണ്. അത്തരത്തിലൊരു നാഥന്റെ ജീവിതമാണ് ഇത്തവണ ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ എത്തിയത്. ഗര്‍ഭകാലത്ത് ഭാര്യക്കുണ്ടായ ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചതെന്ന് ഈ അച്ഛന് പറയുന്നു. പിന്നീട് മക്കളെ നോക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ആറ് വയസ്സുള്ള മകളും 10 മാസം പ്രായമുള്ള മകളും ഉണ്ടെന്ന് ഇദ്ദേഹം പറയുന്നുണ്ട്. നാല് മാസത്തെ പ്രസവാവധി കഴിഞ്ഞ് ഭാര്യക്ക് തിരികെ ജോലിക്ക് പോകണമായിരുന്നുവെന്നും, അതിനാല്‍ കുഞ്ഞുങ്ങളെ ഞാന്‍ നോക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഞാന്‍ വീട്ടിലിരിക്കുന്ന ഒരച്ഛനാണ്, എനിക്കത് ഇഷ്ടവുമാണ്. ഷാര്‍ജയില്‍ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു ഞാന്‍. എന്നാല്‍ ഗര്‍ഭിണി ആയിരുന്നപ്പോള്‍ ഭാര്യക്കുണ്ടായിരുന്ന അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും കാരണം ഞാന്‍ ജോലി ഉപേക്ഷിച്ചു. അവള്‍ക്കൊപ്പം നില്ക്കാന് ഞാന്‍ നാട്ടിലേക്ക് വന്നു.
ഇപ്പോള്‍ വേറെ ജോലി നോക്കുന്നുണ്ട്, പക്ഷേ ആയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ സന്തോഷവാനാണ്. ആറ് വയസ്സുള്ള മകളും 10 മാസം പ്രായമുള്ള മകളുമുണ്ട് എനിക്ക്. നാല് മാസത്തെ പ്രസവാവധി കഴിഞ്ഞ് ഭാര്യക്ക് തിരികെ ജോലിക്ക് പോകണമായിരുന്നു. അതിനാല്‍ കുഞ്ഞുങ്ങളെ ഞാന്‍ നോക്കാന്‍ തീരുമാനിച്ചു. എന്റെ അമ്മയാണ് കുഞ്ഞുങ്ങളെ നോക്കാന്‍ എന്നെ സഹായിച്ചത്.
അവരെ കുളിപ്പിക്കുന്നതും ഭക്ഷണം നല്‍കുന്നതും അവര്‍ക്കൊപ്പം കളിക്കുന്നതും ഞാനാണ്. ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അന്നത്തെ വിശേഷങ്ങളെല്ലാം ഞങ്ങള്‍ അവളോട് പങ്കുവെക്കും. പാരമ്പരാഗതരീതി ഇതല്ലെന്ന് എനിക്കറിയാം, പക്ഷേ ആ രീതിയില്‍ ഞാനതിനെ നോക്കിക്കാണുന്നില്ല. എന്റെ കുടുംബമാണ് എനിക്ക് വലുത്, അതുകൊണ്ട് ഇത് തന്നെയാണ് ഏറ്റവും മികച്ച തീരുമാനം
Discussion about this post