ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ അധികാരം ഏറ്റ ഉടനെ തന്നെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കാര്യമായിരുന്നു മന്ത്രിസഭയിലെ രണ്ടാമന് ആരാണ് എന്നത്. മന്ത്രിസഭയിലേയും ബിജെപിയിലേയും സീനിയോറിറ്റിയും പ്രവര്‍ത്തി പരിചയവും വെച്ച് പരിഗണന ലഭിക്കേണ്ട രാജ്നാഥ് സിങ് ആയിരിക്കുമോ അതോ ബിജെപിയുടെ ദേശീയ അധ്യക്ഷനും മോഡിയുടെ വലതുകൈയ്യും ആയ അമിത് ഷാ ആയിരിക്കുമോ എന്നുള്ള രാഷ്ട്രീയ ചര്‍ച്ച ചൂട് പിടിച്ച് നടന്നിരുന്നു. എന്തായാലും അതിന് കൃത്യമായ മറുപടി പ്രധാനമന്ത്രി തന്നിരിക്കുന്നു.
രാജ്നാഥ് സിങല്ല അമിത് ഷാ തന്നെയാണ് മന്ത്രിസഭയില്‍ രണ്ടാമന് എന്ന് മോഡി ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. മോഡി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തിലെ ആദ്യ നടപടിയായ മന്ത്രിസഭാ ഉപസമിതികളുടെ രൂപീകരണത്തിലാണ് മന്ത്രിസഭയിലെ രണ്ടാമനെ മോഡി പ്രഖ്യാപിച്ചത്. ഇനി രണ്ടാം സ്ഥാനത്ത് ഇരിക്കാമെന്നുള്ള എന്തെങ്കിലും മോഹം രാജ്നാഥ് സിങിന്റെ മനസില്‍ ഉണ്ടെങ്കില്‍ അത് എടുത്ത് കളയാനുള്ള സന്ദേശം കൂടിയാണ് നരേന്ദ്രമോഡി അദ്ദേഹത്തിന് നല്‍കിയത്.
എന്നാല്‍ അമിത് ഷായുടെ ഈ സ്ഥാനക്കയറ്റം നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. നേരത്തെ മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പാര്‍ട്ടിക്കകത്തും മന്ത്രിസഭയിലും മോഡിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു അമിത് ഷാ. മോഡി എന്ത് വിചാരിച്ചാലും അപ്പോള്‍ തന്നെ അമിത് ഷാ അറിയും ആ നിമിഷം തന്നെ നടപടികളും സ്വീകരിക്കും അങ്ങനെ ആയിരുന്നു ഗുജറാത്തില്‍ പാര്‍ട്ടിയുടെ നിയന്ത്രണം. എന്തായാലും കേന്ദ്രത്തിലെത്തിയപ്പോഴും അമിത് ഷായെ തന്റെ അടുത്ത് കൊണ്ടുവരിക പാര്‍ട്ടിയെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തന്നെയാണ് മോഡി അമിത് ഷായെ പാര്‍ട്ടിയുടെ തലപ്പത്ത് എത്തിച്ചത്. മാത്രമല്ല വളരെ പെട്ടന്ന് തന്നെയാണ് അമിത് ഷായെ മന്ത്രിസഭയുടെ രണ്ടാമന് എന്ന തലത്തിലേക്ക് മോഡി ഉയര്‍ത്തിയത്.
എട്ട് മന്ത്രിസഭാ ഉപസമിതികളാണ് മോഡി രൂപീകരിച്ചിരിക്കുന്നത്. ഈ എട്ടിലും അമിത് ഷായെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഡി ആറ് സമിതികളിലാണ് അംഗമായിരിക്കുന്നത്. എന്നാല്‍ ഏറെ ശ്രദ്ധിക്കേണ്ട വിഷയം ഈ സമിതികളില്‍ രാജ്നാഥ് സിങിനെ രണ്ട് സമിതികളില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നുള്ളതാണ്. മാത്രമല്ല ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ കാര്യ മന്ത്രിസഭാ ഉപസമിതിയില്‍ നിന്ന് ഒഴുവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിലും അമിത് ഷാ അംഗമാണ്. വളരെ കൃത്യമായ സന്ദേശമാണ് ഈ പ്രഖ്യാപനത്തിലൂടെ മോഡി രാജ്നാഥ് സിങിന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്തിരുന്നത് രാജ്നാഥ് സിങായിരുന്നെങ്കില്‍ ഇത്തവണ ആ സ്ഥാനവും അമിത് ഷായ്ക്ക് നല്‍കുകയായിരുന്നു.
ഇതുവരെയുള്ള കീഴ്വഴക്കങ്ങള് അനുസരിച്ച് പ്രധാനമന്ത്രിക്ക് ശേഷം സീനിയോറിറ്റിയും മന്ത്രിസഭയില്‍ പരിചയവുമുള്ള ആളാണ് സത്യപ്രതിജ്ഞ ചെയ്യുക. ഇവിടേയും മന്ത്രിസഭയില്‍ നരേന്ദ്രമോഡിക്ക് ശേഷം രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിങായിരുന്നു അപ്പോള്‍ സ്വാഭാവികമായും അങ്ങനെയുള്ള ആളാണ് മന്ത്രിസഭയില്‍ രണ്ടാമന് ആകേണ്ടതും മാത്രമല്ല രാഷ്ട്രീയ കാര്യ മന്ത്രിസഭാ ഉപസമിതിയില്‍ ഉണ്ടാവുകയും പ്രധാനമന്ത്രിയുടെ അഭാവത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്യുക. എന്നാല്‍ ഇത്തവണ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് കൊണ്ട് രാജ്നാഥ് സിങിനെ മോഡി ഒഴിവാക്കിയിരിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം കഴിഞ്ഞ തവണ ഈ പ്രതിരോധമന്ത്രാലയം കൈകാര്യം ചെയ്തിരുന്ന നിര്‍മ്മല സീതാരാമന് പോലും ഈ സമിതിയില്‍ അംഗമായിരുന്നു എന്നുള്ളതാണ്. അങ്ങനെ പ്രതിരോധ മന്ത്രി എന്നുള്ള പരിഗണന എടുക്കുക ആണെങ്കിലും ആ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്ന രാജ്നാഥ് സിങിനെ അതില്‍ നിന്ന് ഒഴിവാക്കി.
രാഷ്ട്രീയവും നയപരവുമായ കാര്യങ്ങളില്‍ എല്ലാം തീരുമാനം എടുക്കേണ്ടത് ഈ രാഷ്ട്രീയകാര്യ മന്ത്രിസഭാ ഉപസമിതിയാണ്. സ്വാഭാവികമായും സമിതിക്കകത്ത രൂപം കൊണ്ട ശുപാര്‍ശകളെല്ലാം പിന്നീട് മന്ത്രിസഭാ യോഗത്തില്‍ അംഗീകരിക്കപ്പെടുകയാണ് ചെയ്യുക. കാരണം പ്രധാനപ്പെട്ട എല്ലാവരും അടങ്ങുന്നതാണ് ഈ സമിതി. ഈ സമിതിയില്‍ എല്ലാ അര്‍ത്ഥം കൊണ്ടും ഉള്‍പ്പെടാന്‍ അര്‍ഹനായിരുന്നു രാജ്നാഥ് സിങ് എന്നിരുന്നിട്ടു പോലും ഇതെല്ലാം മറികടന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഈ മന്ത്രിസഭാ സമിതിയില്‍ അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്, നരേന്ദ്ര തോമ്മര്, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷ വര്ധന്, പീയൂഷ് ഗോയല്‍, പ്രഹളാദ് ജോഷി എന്നിവരെല്ലാം ബിജെപിയില്‍ നിന്നുണ്ട്. അതിന് പുറമെ സഖ്യകക്ഷികളില്‍ നിന്ന് രാം വിലാസ് പാസ്വാന്, അരവിന്ദ് സാവന്ത് എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്.
ഇത്രയും പരിചയസമ്പന്നനായ രാജ്നാഥ് സിങിനെ ഒഴിവാക്കി പുതുമുഖമായ അമിത് ഷായെ സമിതിയില്‍ ചേര്‍ത്തു എന്നതും ശ്രദ്ധേയമാണ്. ധനകാര്യമന്ത്രാലയം കൈകാര്യം ചെയ്യുന്ന നിര്‍മ്മല സീതാരാമന് ഏഴ് മന്ത്രി സഭാ സമിതികളില്‍ അംഗമാണ്. പിയൂഷ് ഗോയല്‍ അഞ്ച് മന്ത്രി സഭാ സമിതികളില്‍ അംഗമാണ്. ഈ സാഹചര്യം നിലനില്ക്തകുമ്പോഴാണ് രാജ്നാഥ് സിങിനെ വെറും രണ്ട് സമിതികളിലില് മാത്രം അംഗമാക്കി അദ്ദേഹത്തെ മോഡി ഒതുക്കിയത്. എന്തായാലും മോഡി നല്കുന്ന രാഷ്ട്രീയ സന്ദേശം വ്യക്തമാണ് അമിത് ഷാ തന്നെയാണ് രണ്ടാം മോഡി സര്‍ക്കാരില്‍ രണ്ടാമന് രാജ്നാഥ് സിങിന് പരിചയസമ്പത്ത് ഉണ്ടെങ്കിലും അദ്ദേഹത്തെ രണ്ടാമനയി പരിഗണിക്കുന്നില്ല എന്നാണ് മോഡി നടത്തുന്ന രാഷ്ട്രീയ പ്രഖ്യാപനം
Discussion about this post