2019 ല്‍ കേന്ദ്രം ഭരിക്കേണ്ടത് മതേതര സര്‍ക്കാരായിരിക്കണം! രാഹുല്‍ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ പ്രശ്‌നമില്ല, ഡിഎംകെ യുദ്ധം ചെയ്യുന്നത് മോഡിക്കെതിരെ; എ രാജ

2019 ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നത് ബിജെപി ആയിരിക്കില്ലെന്നും, അധികാരത്തില്‍ കയറുന്ന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയും പ്രേത്സാഹനവും ഡിഎംകെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: 2019 ല്‍ കേന്ദ്രം ഭരിക്കേണ്ടത് മതേതര സര്‍ക്കാറായിരിക്കണമെന്നും അതിനായിട്ടുള്ള എന്ത് സഹായവും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഡിഎംകെ നേതാവ് എ രാജ. തങ്ങളുടെ പോരാട്ടം മോഡി സര്‍ക്കാരിനെതിരെയാണെന്നും ബിജെപിയുമായി ഏറ്റുമുട്ടാന്‍ തയ്യാറാണെന്നും രാജ പറഞ്ഞു.

”2019ലെ തെരഞ്ഞെടുപ്പ് വേദിയാകുന്നത് ഡിഎംകെയും എഐഡിഎംകെയും തമ്മിലുള്ള പോരാട്ടത്തിനോ, അല്ലെങ്കില്‍ എം കെ സ്റ്റാലിനും ഇപി എസും ഒപി എസും തമ്മിലുള്ള പേരാട്ടത്തിനോ അല്ല. മറിച്ച് ഡിഎംകെയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വന്‍ പേരാട്ടത്തിനാണ്. മോദിയുമായുള്ള യുദ്ധത്തിനാണ്. ഞങ്ങള്‍ക്ക് വേണ്ടത് മതേതര സര്‍ക്കാരാണ്” -രാജ പറഞ്ഞു.

2019 ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നത് ബിജെപി ആയിരിക്കില്ലെന്നും, അധികാരത്തില്‍ കയറുന്ന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയും പ്രേത്സാഹനവും ഡിഎംകെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം ബിജെപിയുടെ കൈയ്യില്‍ അധികാരവും പണവുമുണ്ട്. അതുകൊണ്ട് തന്നെ അവരെ താഴെ ഇറക്കുക എന്നത് ദുര്‍ഘടം പിടിച്ച പണിയാണ്. അതിന് വേണ്ടി ശക്തമായ ഒരു സഖ്യം ഉണ്ടാക്കേണ്ടിയിരിക്കുന്നു എന്നും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുന്നതില്‍ പ്രശ്‌നമില്ലെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നേതാക്കള്‍ ഇരുന്ന് കൂടിയാലോചിക്കണമെന്നും രാജ പറഞ്ഞു.

എന്നാല്‍ ഇപ്പോഴത്തെ തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിനൊടുള്ള നിലപാട് ജയലളിത സര്‍ക്കാരില്‍ നിന്നും ഘടകവിരുദ്ധമാണെന്നും, ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചോദ്യം ചെയ്തിരുന്നുവെന്നും രാജ വ്യക്തമാക്കി.

Exit mobile version