ന്യൂഡല്‍ഹി: നരേന്ദ്ര മോഡി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മന്ത്രിസഭയിലേക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷായും എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ട്. സുപ്രധാന വകുപ്പ് തന്നെ മോഡി അദ്ദേഹത്തെ ഏല്‍പ്പിച്ചേക്കും. പ്രതിരോധമോ ധനവകുപ്പോ ഷാ കൈകാര്യം ചെയ്തേക്കുമെന്നാണ് സൂചന. ഇന്ന് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കേരളത്തില്‍ നിന്ന്, രാജ്യസഭാ എംപിയായ വി മുരളീധരനടക്കം, 51 പേര്‍ക്കാണ് കേന്ദ്രമന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. അല്പസമയത്തിനകം നരേന്ദ്രമോഡി നിയുക്ത മന്ത്രിമാരെ ചായസല്‍ക്കാരത്തിനായി ക്ഷണിക്കും.
പഴയ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പ്രമുഖര്‍ക്ക് ഒപ്പം പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ കേന്ദ്രമന്ത്രിസഭ. ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയ ബിജെപി, ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതം നല്‍കിയിട്ടുള്ളൂ.
ആദ്യം സംഘടനാതലത്തില്‍ ചാണക്യസൂത്രങ്ങളുമായി പാര്‍ട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചനകള്‍. മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അമിത് ഷായുടെ നേതൃത്വം ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍, അഭ്യൂഹങ്ങളെ തള്ളി, നാടകീയമായി അമിത് ഷാ മന്ത്രിസഭയിലെത്തിയിരിക്കുകയാണ്.
അതേസമയം, കേരളത്തില്‍ നിന്നും നിലവിലെ മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പകരക്കാരനായി വി മുരളീധരനും ക്യാബിനറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് വി മുരളീധരന് മന്ത്രിസ്ഥാനമുണ്ടെന്ന അറിയിപ്പ് ലഭിച്ചത്.
Discussion about this post