ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കരുത്തില്‍ ബിജെപി ഒറ്റയ്ക്ക് നേടിയത് മൂന്നക്ക മാന്ത്രിക സംഖ്യയുടെ വന്‍ വിജയമാണ്. രാജ്യമെങ്ങും മോഡി തരംഗം ആഞ്ഞടിച്ചപ്പോള്‍ യുപിഎ നിഷ്പ്രഭമായി. തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ നയിക്കുന്നത് ലഹരിയാക്കിയ അമിത് ഷായെന്ന രാഷ്ട്രീയ ചാണക്യന്റെ തന്ത്രങ്ങള്‍ എതിരാളികളെ ഒരിക്കല്‍ കൂടി നിലംപരിശാക്കി.
തുടര്‍ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ബിജെപി നേതൃത്വത്തിന് ഭരണത്തുടര്‍ച്ചയുണ്ടാക്കിയ മോഡി മാജികിലേക്ക് കരുക്കള്‍ നീക്കിയത് എങ്ങനെയൊന്ന് നോക്കാം. ഓരോ മണ്ഡത്തിലെയും സ്ഥാനാര്‍ഥിക്കല്ല, മോഡിക്കാണ് ബിജെപി വോട്ട് ചോദിച്ചത്. സംസ്ഥാന സര്‍ക്കാരുകളോടും സിറ്റിങ് എംപിമാരോടുമുള്ള ജനവികാരത്തെ മോഡി മാജിക്കിലൂടെ മറികടന്നു.
ഇന്ത്യയില്‍ ഏറ്റവും അധികം ലോക്സഭാംഗങ്ങളെ പ്രദാനം ചെയ്യുന്ന യുപിയില്‍ ബിജെപിയെ തളയ്ക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നത്. 80 സീറ്റുകളുള്ള യുപിയില്‍ 72 സീറ്റാണ് കഴിഞ്ഞ തവണ ബിജെപി നേടിയത്. യുപിയില്‍ ബിജെപിയെ പിടിച്ചുകെട്ടിയാല്‍ രാജ്യത്ത് എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുന്നത് ഒഴിവാക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. ദേശീയ തലത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിച്ചതും യുപിയിലെ 57ഓളം സീറ്റുകളാണ്.
ശത്രുപക്ഷത്തുള്ള സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ഒരുമിച്ചിട്ടും കാര്യമായി മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതേസമയം റായ്ബറേലിയിലും അമേഠിയിലും മാത്രം സ്ഥാനാര്‍ത്ഥികളെ നിറുത്താതിരുന്ന മഹാസഖ്യം കോണ്‍ഗ്രസിനെ തങ്ങളുടെ കൂടെ കൂട്ടിയില്ല.
പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയതോടെ കോണ്‍ഗ്രസും സജീവമായി. 2014ലെ കണക്കുകള്‍ വച്ച് കൂടുതല്‍ സീറ്റ് നേടാമെന്ന മഹാസഖ്യത്തിന്റെ പ്രതീക്ഷയും തകര്‍ന്നു. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലല്ല എന്നു തെളിയിക്കുകയായിരുന്നു ബിജെപി ചെയ്തത്.
ഒബിസിക്കാര്‍ക്ക് സ്വാധീനമുള്ള എസ്പിയും പട്ടികജാതിക്കാര്‍ക്ക് സ്വാധീനമുള്ള ബിഎസ്പിയും പടിഞ്ഞാറന്‍ യുപിയില്‍ സ്വധീനമുള്ള അജിത് സിംഗും ചേര്‍ന്നാല്‍ ബിജെപിയെ തറപറ്റിക്കാമെന്നായിരുന്നു പ്രതിപക്ഷ ധാരണ. എന്നാല്‍ ജാതിസമവാക്യങ്ങളെ പൊളിച്ചും വികസന കാര്‍ഡിറക്കിയും നരേന്ദ്ര മോഡി നേരിട്ട് പ്രചാരണത്തിനിറങ്ങിയതോടെ യുപിയിലെ സ്ഥിതിഗതികള്‍ മാറി.
ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ തവണ ലഭിച്ച സീറ്റ് തങ്ങള്‍ക്ക് യുപിയില്‍ കിട്ടില്ലെന്ന് ബിജെപിക്കറിയാമായിരുന്നു. അതു മറികടക്കുന്ന രീതിയില്‍ ഒറീസയിലും ബംഗാളിലും നിന്ന് ഈ കുറവ് നികത്താന്‍ ബിജെപിക്ക് കഴിയുകയും ചെയ്തു.
ഒന്നരകോടി ജനങ്ങളുമായി ആശവിനിമയം നടത്തി. ഒരു ലക്ഷത്തി അയ്യായിരം കിലോമീറ്ററാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി സഞ്ചരിച്ചത്. പ്രജ്ഞാ ഠാക്കൂറിന്റെ വരവ് ഹിന്ദുത്വരാഷ്ട്രീയം പൂര്‍ണമാക്കി.
Discussion about this post