ന്യൂഡല്‍ഹി: ഗുണമേന്മ സൂചിപ്പിക്കാന്‍ വിവിധതരാം പഴങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് ഒഴിവാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. വിവിധതരം പഴങ്ങളിലും പച്ചക്കറികളിലും, തിരിച്ചറിയാനും ഗുണമേന്മ സൂചിപ്പിക്കാനുമാണ് സാധാരണയായി സ്റ്റിക്കറുകള്‍ ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇത്തരം സ്റ്റിക്കറുകള്‍ ആരോഗ്യത്തെ ബാധിക്കുമെന്നാണ് എഫ്എസ്എസ്എഐ പറയുന്നത്. ചില കച്ചവടക്കാര്‍ ഇത്തരം സ്റ്റിക്കറുകള്‍ ഉപയോഗിച്ച് പഴങ്ങളിലെയും പച്ചക്കറികളിലെയും കേടുപാടുകള്‍ മറച്ചു വെക്കുകയും ചെയ്യുന്നുവെന്നു ഫുഡ് സേഫ്റ്റി കണ്ടെത്തിയിട്ടുണ്ട്.
പഴങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളില്‍ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്നും ഫുഡ് സേഫ്റ്റി കണ്ടെത്തി. പഴങ്ങളുടെ ബ്രാന്റ് ഏതാണെന്നു വ്യക്തമായി തിരിച്ചറിയാനും അതുവഴി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ട കമ്പനിയുടെ പഴവര്‍ഗ്ഗങ്ങളെ തിരഞ്ഞെടുക്കാനുമാണ് കമ്പനികള്‍ ഇത്തരം സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സ്റ്റിക്കറുകള്‍ അനാവശ്യമാണെന്നും ഇത്തരം സ്റ്റിക്കറുകളിലൂടെ ഒരു വിവരവും വാങ്ങുന്നയാള്‍ക്ക് കിട്ടുന്നില്ലെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി പറയുന്നു.
മിക്കപ്പോഴും പഴങ്ങളുടെ ഉള്ളിലേക്ക് കടക്കുന്ന പശ ഗുരുതര ആരോഗ്യപ്രശ്നങ്ങളാലാവും ഉണ്ടാക്കുക എന്ന് എഫ്എസ്എസ്എഐ വിലയിരുത്തുന്നു. പഴങ്ങളില്‍ ഇത്തരം സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ആദ്യം കച്ചവടക്കാരന് മുന്നറിയിപ്പ് നല്‍കും. എന്നിട്ടും സ്റ്റിക്കറുകള്‍ നീക്കം ചെയ്യുന്നില്ലെന്ന് കണ്ടാല്‍ ഫുഡ് സേഫ്റ്റി അതോറിറ്റി കൂടുതല്‍ നടപടികള്‍ എടുക്കും.
Discussion about this post